പാലക്കാട്: 'തന്റെ ആത്മകഥ പൂർത്തിയാക്കിയിട്ടില്ല. ആർക്കും പ്രസാധനച്ചുമതല നൽകിയിട്ടില്ല. ഡി.സി ബുക്സും മാതൃഭൂമിയും സമീപിച്ചിരുന്നു. ഒരാൾക്കും കരാർ നൽകിയിട്ടില്ല'. ആത്മകഥാ വിവാദത്തിൽ സി.പി.എം നേതാവ് ഇ.പി.ജയരാജൻ പാലക്കാട്ട് വാർത്താസമ്മേളനത്തിൽ നടത്തിയ പ്രതികരണം.
ആത്മകഥ എഴുതാൻ ആരെയും കൂലിക്ക് വച്ചിട്ടില്ല. ഭാഷാശുദ്ധി വരുത്താൻ വേണ്ടിമാത്രം വിശ്വസ്തനായ ഒരു പത്രപ്രവർത്തകനെ ഏൽപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഈ ഘട്ടത്തിൽ സംശയിക്കുന്നില്ല. അദ്ദേഹത്തിന്റെ കൈയിൽ നിന്നുള്ള ഏതെങ്കിലും ഭാഗമാണോ പുറത്തു വന്നത്, ഏതെങ്കിലും ഭാഗം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകി.
പുസ്തകം പ്രസിദ്ധീകരിക്കാൻ ആർക്കും ചുമതല നൽകിയിട്ടില്ല. പുസ്തകം അധികം താമസിയാതെ പുറത്തിറക്കും. അപ്പോൾ കാര്യങ്ങൾ മനസിലാകും. പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഡി.ജി.പിക്ക് പരാതിയും നൽകി. 'കട്ടൻചായയും പരിപ്പുവടയും' എന്നപേര് ഞാൻ കൊടുത്തിട്ടില്ല. എന്നെ കളിയാക്കുന്ന പേര് ഞാൻ കൊടുക്കുമോ. പേര് നിശ്ചയിച്ചിട്ടില്ല. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പാർട്ടിയുടെ അനുമതി തേടും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതേയുള്ളൂ.
സംഭവം ആസൂത്രിതം
ദൃശ്യ മാദ്ധ്യമങ്ങളിൽ വന്നിട്ടുള്ള ഒരുകാര്യവും താൻ എഴുതിയതല്ല. ദേശീയ ദിനപത്രത്തിന്റെ ആദ്യപേജിൽ ഇത് വരണമെങ്കിൽ നിസാരകാര്യമായി കാണുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു സംഭവം ഉണ്ടായത് ആസൂത്രിതമായാണ്. പാലക്കാട്ടും ചേലക്കരയിലും ഇടതുപക്ഷം മുന്നേറുകയാണ്. അത് ഇല്ലാതാക്കാൻ നടത്തിയതാണിത്. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വാർത്ത കഴിഞ്ഞ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവിട്ടതും ആസൂത്രിതമായിരുന്നു. കാര്യങ്ങളെല്ലാം പരിശോധിച്ചാലേ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് പറയാനാകൂ.
ഡി.സി ബുക്സ് മറുപടി പറയണം
ഡി.സി ബുക്സുമായി യാതൊരു കരാറുമില്ല. മാദ്ധ്യമങ്ങൾ വഴിയാണ് ഇതറിയുന്നത്. അപ്പോൾ തന്നെ ഡി.സിയുമായി ബന്ധപ്പെട്ടിരുന്നു. അവർ കൃത്യമായി മറുപടി തന്നിട്ടില്ല.
സമൂഹമാദ്ധ്യമങ്ങളിൽ ആരെങ്കിലും എന്തെങ്കിലും ഇടുന്നതിന് ഞാനെങ്ങനെ ഉത്തരവാദിയാകും. ഡി.സി മറുപടി പറയണം. അതിനാണ് വക്കീൽ നോട്ടീസ് കൊടുത്തത്. എല്ലാ പുസ്തകങ്ങളും ചിന്തയിൽ കൊടുക്കണമെന്നില്ല. ചിന്ത എന്നെ സമീപിച്ചിട്ടില്ല. സമീപിച്ചാൽ പ്രസിദ്ധീകരിക്കേണ്ട എന്നുപറയില്ല. തന്റെ മൊഴി എടുക്കുമ്പോൾ ഡി.സിക്കെതിരെ പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |