
തിരുവനന്തപുരം: ഇടതുകോട്ടയായ മുട്ടടയിൽ വിജയിച്ചതിന് പിന്നാലെ സന്തോഷം പങ്കുവച്ച് യു ഡി എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ്. അത്യാവശ്യം ലീഡോടുകൂടിയാണ് വിജയിച്ചതെന്നും അഭിമാന നിമിഷമാണിതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സന്തോഷമുണ്ട്. ജനാധിപത്യത്തിന്റെ വിജയമാണ്. നമ്മളന്നും പറഞ്ഞ കാര്യം സത്യം ജയിക്കുമെന്നാണ്. ഈയൊരു സാഹചര്യത്തിൽ അതിൽ കൂടുതലൊന്നും പറയാനില്ല. നമ്മുടെ കഷ്ടപ്പാടുകളെല്ലാം തിരിച്ചറിഞ്ഞ്, ജനങ്ങൾ അവരുടെ അവകാശത്തിലൂടെ ഇത്രയും വലിയൊരു പിന്തുണ തന്നിരിക്കുകയാണ്. വളരെ സന്തോഷം. അത്യാവശ്യം നല്ല ലീഡുമുണ്ട്. നമുക്ക് വളരെ സന്തോഷിക്കാവുന്ന, അഭിമാനകരമായ നിമിഷമാണിത്.'- വൈഷ്ണ സുരേഷ് പറഞ്ഞു.
വലിയൊരു നിയമപോരാട്ടത്തിനൊടുവിലാണ് വൈഷ്ണ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് വൈഷ്ണ അറിഞ്ഞത്. വോട്ടർപട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്‌തതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു അവർ ഹർജി നൽകിയത്. വൈഷ്ണയുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതാണെന്നും രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് വൈഷ്ണയ്ക്ക് മത്സരിക്കാൻ കളമൊരുങ്ങിയത്. 1607 വോട്ടുനേടി, 397 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈഷ്ണയുടെ ജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |