കൊച്ചി: കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സിന്റെ ഭാഗമായുള്ള രണ്ടാം സെമസ്റ്റർ എം.എ മലയാളം പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹർജിയിൽ ഹർജിക്കാരുടെ വാദം കേട്ട് പരീക്ഷാ കൺട്രോളർ ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
ഇക്കഴിഞ്ഞ ജനുവരി 31 മുതൽ ഫെബ്രുവരി ഒമ്പതുവരെയാണ് ഒന്നാംസെമസ്റ്റർ പരീക്ഷ നടത്തിയത്. ഇതിനുപിന്നാലെ മാർച്ച് ഒന്നിന് രണ്ടാം സെമസ്റ്റർ പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശിനി റോസ്‌മേരി കെ. ജോൺ ഉൾപ്പെടെ 19 വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഈ ഉത്തരവ് നൽകിയത്.
വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പഠിക്കുന്ന ഹർജിക്കാരിലേറെയും അദ്ധ്യാപകരായും മറ്റും ജോലി ചെയ്യുന്നവരാണ്. ഒന്നാംസെമസ്റ്റർ പരീക്ഷയ്ക്ക് അവധിയെടുത്തതിന് തൊട്ടുപിന്നാലെ അടുത്ത സെമസ്റ്റർ പരീക്ഷയ്ക്ക് വീണ്ടും അവധി ലഭിക്കില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജിക്കാർ ഫെബ്രുവരി 27ന് രാവിലെ 11ന് പരീക്ഷാ കൺട്രോളർ മുമ്പാകെ ഹിയറിംഗിനായി ഹാജരാകാനും ഇവരുടെ വാദങ്ങൾകേട്ട് കഴിയുമെങ്കിൽ അന്നുതന്നെ കൺട്രോളർ തീരുമാനമെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |