കണ്ണൂർ: കാസർകോട് പാലക്കുന്ന് ഗ്രീൻ വുഡ് കോളജിൽ ബി.സി.എ ആറാം സെമസ്റ്റർ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് എല്ലാ പരീക്ഷാ സെന്ററുകളിലും നിരീക്ഷകരെ ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാലയുടെ തീരുമാനം.സെൽഫ് ഫിനാൻസിംഗ് സ്ഥാപനമാണ് ഗ്രീൻ വുഡ്.ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലാക്കും.ഇതുവരെ നടന്ന പരീക്ഷ റദ്ദാക്കില്ല. ചോദ്യപേപ്പർ ചോർന്ന കോളജിൽ മാത്രം വീണ്ടും പരീക്ഷ നടത്തും.മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ.
ഈ മാസം രണ്ടിന് പരീക്ഷാ ഹാളിൽ സർവകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പർ ചോർച്ച കണ്ടെത്തിയത്.വിദ്യാർത്ഥികളുടെ വാട്സാപ്പിലാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ കണ്ടെത്തിയത്. പരീക്ഷക്ക് രണ്ടു മണിക്കൂർ മുൻപ് പ്രിൻസിപ്പലിന്റെ ഇ-മെയിലിലേക്ക് ചോദ്യങ്ങൾ കിട്ടി.ഇതാണ് വിദ്യാർത്ഥികൾക്ക് ഷെയർ ചെയത്ത്.കണ്ണൂർ കമ്മിഷണർക്കും ബേക്കൽ പൊലീസിനും നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയിരുന്നു.ആഭ്യന്തര അന്വേഷണത്തിന് സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെയും സർവകലാശാല ചുമതലപ്പെടുത്തി.മാർച്ച് 18 മുതൽ ഏപ്രിൽ രണ്ടുവരെ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറുകളെല്ലാം ഗ്രീൻ വുഡ് കോളേജിൽ നിന്ന് ചോർന്നെന്നാണ് ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. സബ് കമ്മിറ്റി കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു.സർവകലാശാലയ്ക്ക് ഉടൻ റിപ്പോർട്ട് നൽകും.
ചോർത്തിയിട്ടില്ലെന്ന് കോളേജ്
അദ്ധ്യാപകർ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർത്തിയിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ-ഇൻ-ചാർജ് അജീഷ് പറയുന്നു.മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും വരാൻ സാദ്ധ്യതയുള്ള ചോദ്യങ്ങളും വിദ്യാർത്ഥികൾക്ക് നൽകാറുണ്ട്.അക്കൂട്ടത്തിൽ ദൗർഭാഗ്യകരമായി ഇത്തവണത്തെ ചോദ്യപേപ്പറുകളും ഉൾപ്പെട്ടതാവാം.ഒരു കുട്ടി കോപ്പിയടിച്ചിരുന്നു.ഇയാൾ സ്‌ക്വാഡ് അംഗങ്ങളോട് പറഞ്ഞ മൊഴി തെറ്റിദ്ധരിക്കപ്പെട്ടതാവാമെന്നും പ്രിൻസിപ്പൽ പറയുന്നു.
സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. സർവ്വകലാശാല റജിസ്ട്രാർ ഇൻ ചാർജ്ജ് വി.എ വിൽസന്റെ പരാതിയിലാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |