പുതിയ റാങ്ക് പട്ടിക, നിലവിലേത് അടിമുടി മാറും
അവസാന നിമിഷ പ്രോസ്പെക്ടസ് ഭേദഗതി നിയമവിരുദ്ധം
കളി തുടങ്ങിക്കഴിഞ്ഞ് നിയമം മാറ്റാനാകിചല്ല
സർക്കാർ അപ്പീൽ ഇന്നു പരിഗണിക്കും
കൊച്ചി: കേരള എൻജിനിയറിംഗ്, മെഡിക്കൽ എൻട്രൻസ് (കീം) ഫലം ഹൈക്കോടതി റദ്ദാക്കിയതോടെ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലായി. പുതിയ ഫോർമുലപ്രകാരമുള്ള റാങ്ക് ലിസ്റ്റും റദ്ദായി. സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാരിന്റെ അപ്പീൽ ഇന്നു പരിഗണിക്കും. നിയമയുദ്ധം നീണ്ടാൽ പ്രവേശനം അവതാളത്തിലാകും.
സംസ്ഥാന സിലബസുകാരെ സഹായിക്കാൻ, വെയ്റ്റേജ് സ്കോർ നിർണയത്തിന് പുതിയ ഫോർമുല ഫലപ്രഖ്യാപനത്തിന് ഒരു മണിക്കൂർ മുമ്പാണ് കൊണ്ടുവന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.കെ. സിംഗ് വിധിച്ചു. 2011 മുതൽ തുടരുന്ന പ്രോസ്പെക്ടസ് പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കണം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
പുതിയ മാർക്ക് നിർണയ രീതിക്കെതിരെ സി.ബി.എസ്.ഇ വിദ്യാർത്ഥി കൊച്ചിയിലെ ഹന ഫാത്തിമ അഹിനസ് അടക്കം നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. റാങ്ക്ലിസ്റ്റ് നിലനിറുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സിലബസ് വിദ്യാർത്ഥികളുടെ ഹർജികളും എത്തിയിരുന്നു. വൈകിയ വേളയിൽ നടപ്പാക്കിയ ഫോർമുല കാരണം റാങ്ക്ലിസ്റ്റിൽ പിന്നിലായെന്ന് സി.ബി.എസ്.ഇക്കാർ ഉദാഹരണസഹിതം വാദിച്ചു.
ജൂലായ് ഒന്നിനായിരുന്നു ഫലപ്രഖ്യാപനം. 14 കൊല്ലമായി തുടരുന്ന രീതി അവസാന നിമിഷം മാറ്റിയത് എന്ത് ബോധോദയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. സംസ്ഥാന സിലബസുകാർ പിന്നാക്കം പോയെന്ന് ബോദ്ധ്യപ്പെട്ടതാകാം കാരണം. നടപടി നീതീകരിക്കാനാകില്ല. കളി തുടങ്ങിക്കഴിഞ്ഞ് നിയമം മാറ്റാനാകില്ലെന്നും പറഞ്ഞു.
വൈകിയാൽ നേട്ടം
അയൽക്കാർക്ക്
എം.എച്ച്. വിഷ്ണു
തിരുവനന്തപുരം: പഴയ ഫോർമുല തുടരാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ 76,230 കുട്ടികളുടെയും റാങ്ക് മാറിമറിയും. മുന്നിലെത്തിയ സംസ്ഥാന സിലബസുകാർ പിന്നിലാകും. ഒന്നാം റാങ്കടക്കം ആദ്യ പത്തിൽ അഞ്ചും കേരള സിലബസുകാർക്കാണ്. ആദ്യ നൂറുറാങ്കിൽ 43 പേരുണ്ട്.
പ്രവേശനം വൈകിയാൽ വിദ്യാർത്ഥികൾ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് പോവും. തമിഴ്നാട്ടിൽ പ്രവേശനം തുടങ്ങിക്കഴിഞ്ഞു. ഈമാസം പകുതിയോടെ ക്ലാസ് തുടങ്ങും. വർഷം 60,000 കുട്ടികൾ അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്. ഇക്കൊല്ലം എണ്ണം കൂടിയേക്കാം. മൂന്ന് കേന്ദ്രീകൃത അലോട്ട്മെന്റും സ്ട്രേവേക്കൻസി, സ്പോട്ട്അലോട്ട്മെന്റും ആഗസ്റ്റ് 14നകം തീർക്കണമെന്നാണ് എ.ഐ.സി.ടി.ഇ നിർദ്ദേശം. സെപ്തംബർവരെ നീട്ടണമെന്ന് എൻട്രൻസ് കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. മാർക്ക് വിവരം ഡിജിറ്റലായി ശേഖരിച്ചിട്ടുള്ളതിനാൽ സോഫ്‌റ്റ്‌വെയറിൽ മാറ്റംവരുത്തി പുതിയ റാങ്ക്ലിസ്റ്റ് രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കാനാവും. അപ്പീലിലാണ് സർക്കാർ പ്രതീക്ഷ.
മുന്നിലെത്തിയത്
മാത‌്സിലെ മിടുക്കർ
പ്ലസ്ടു മാത്തമാറ്റിക്സിന് ഉയർന്ന മാർക്കുള്ളവരാണ് റാങ്കിൽ മുന്നിലെത്തിയത്. എൻട്രൻസ് സ്കോറും പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് മാർക്കും നേരത്തേ തുല്യഅനുപാതത്തിൽ പരിഗണിച്ചിരുന്നു. ഇത്തവണ മാത്തമാറ്റിക്സിന് ഉയർന്ന വെയ്‌റ്റേജ് നൽകി
മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി മാർക്ക് 300ആയി പരിഗണിച്ചത് 5:3:2 അനുപാതത്തിലാണ് (പ്രോസ്പെക്ടസിൽ 1:1:1). വെയ്റ്റേജ് മാത്‌സിന് 150, ഫിസിക്സിന് 90, കെമിസ്ട്രിക്ക് 60 എന്ന രീതിയിലും. ഫോർമുല മാറുന്നതോടെ മാത്‌സിന് അധിക വെയ്റ്റേജ് ഇല്ലാതാകും
എൻട്രൻസ് ചോദ്യങ്ങളിലും മാത്‌സ്, ഫിസിക്സ്, കെമിസ്ട്രിക്ക് 5:3:2വെയ്റ്റേജായിരുന്നു. 150ചോദ്യങ്ങളിൽ മാത്തമാറ്റിക്സ് -75, ഫിസിക്സ് -45, കെമിസ്ട്രി -30. മാത്‌സിന് അധിക വെയ്റ്രേജ് എൻജിനിയറിംഗ് പഠിക്കാൻ മിടുക്കരെ കിട്ടാനെന്ന് സർക്കാർ
എല്ലാവർക്കും നീതി ഉറപ്പാക്കുന്നതാണ് പുതിയ ഫോർമുല. ഭേദഗതിക്ക് പ്രോസ്പെക്ടസിൽ വ്യവസ്ഥയുണ്ട്
-ഡോ.ആർ.ബിന്ദു, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |