കൊച്ചി: തടവിലായ ഭാര്യയെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സ്വദേശിയുടെ ഹേബിയസ് കോർപസ് ഹർജിയിലെ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് കോടികൾ തട്ടാൻ ആസൂത്രണം ചെയ്ത വിവാഹത്തട്ടിപ്പ്. തൃശൂർ സ്വദേശി കെ.എം. ജോസഫ് സ്റ്റീവൻ എന്നയാളും കൂട്ടാളികളും ഭാര്യയെ തടവിലാക്കിയെന്നാരോപിച്ച് ചെന്നൈ സ്വദേശിയായ 63കാരൻ നൽകിയ ഹർജിയിലെ അന്വേഷണമാണ് വഴിത്തിരിവായത്. പരാതിക്കാരന്റെ ഭാര്യ ശ്രദ്ധയെ (42) ഇന്നലെ മരടിൽ പൊലീസ് കണ്ടെത്തിയതോടെയാണ് യഥാർത്ഥ കഥ പുറത്തുവന്നത്.
രണ്ടരക്കോടിയിലേറെ രൂപ ഹർജിക്കാരനിൽ നിന്ന് ശ്രദ്ധ കൈക്കലാക്കിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വിവാഹിതയായ ശ്രദ്ധ സാമ്പത്തിക തട്ടിപ്പു ലക്ഷ്യമിട്ട് വൈവാഹിക സൈറ്റിലൂടെ പരാതിക്കാരനെ കുടുക്കുകയായിരുന്നു. ഇവരെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി സുരക്ഷിത കസ്റ്റഡിയിൽ വിട്ടു. ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കും. യുവതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് പ്രതീക്ഷ.
ഗ്വാളിയർ സ്വദേശിയായ ശ്രദ്ധയെ വൈവാഹിക സൈറ്റിലൂടെ 2022 ജൂണിലാണ് ഹർജിക്കാരൻ പരിചയപ്പെട്ട് വിവാഹം കഴിച്ചത്. സുഹൃത്തുക്കളെ കാണാനെന്ന പേരിൽ ഇടയ്‌ക്കിടെ കേരളത്തിലെത്തിയിരുന്ന ശ്രദ്ധ തൃശൂർ മണ്ണുത്തി സ്വദേശിയായ സുഹൃത്ത് ജോസഫ് സ്റ്റീവന്റെ കൂടെയാണ് താമസിക്കാറുള്ളതെന്നാണ് പറഞ്ഞിരുന്നത്. ജനുവരി ഒന്നിന് കേരളത്തിലേക്ക് വന്ന ഭാര്യയെ ഏപ്രിലിൽ എറണാകുളത്തെ മാളിൽ കണ്ടിരുന്നതായും മേയ് 17 വരെ വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ കൈമാറിയിരുന്നതായും ഹർജിയിൽ പറയുന്നു.
പിന്നീട് അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ജി.എം. റാവു ശവപ്പെട്ടിയുടെയും അന്ത്യ കർമ്മങ്ങളുടെയും ചിത്രം വാട്‌സാപ്പിൽ അയച്ച് ഭാര്യ മരണപ്പെട്ടതായി വിളിച്ചറിച്ചു. കന്യാസ്ത്രീയെന്ന് അവകാശപ്പെട്ട് സോഫിയ എന്ന സ്ത്രീയും വാട്‌സാപ്പിലൂടെ ശ്രദ്ധ മരിച്ചതായി അറിയിച്ചു. തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
യുവതിയെ അടിയന്തരമായി കണ്ടെത്താൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഹർജിക്കാരന് റാവുവും സോഫിയയും അയച്ചെന്ന് പറയുന്ന ചിത്രങ്ങളിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട ഗവ. പ്ലീഡർ ജോസഫ് സ്റ്റീവനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് യുവതിയുടെ മുൻ ഭർത്താവെന്ന് പറയപ്പെടുന്ന ലെനിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. ജോസഫ് സ്റ്റീവൻ തന്നെയാണ് ലെനിനെന്ന സൂചന ലഭിച്ചു. വൈകാതെ ഇവരെ മരടിലെ താമസ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. ലെനിൻ പൊലീസ് നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |