തിരുവനന്തപുരം: ഗഗൻയാനിന് ശേഷം ബഹിരാകാശത്ത് ഇന്ത്യക്കാരൻ ഇറങ്ങുന്നതാവും ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ഐ.എസ്.ആർ.ഒ.യുടെ 1800കോടി രൂപയുടെ മൂന്നു സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഇന്റഗ്രേഷൻ ഫെസിലിറ്റി, മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ പുതിയ 'സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിൻ, സ്റ്റേജ് ടെസ്റ്റ് സൗകര്യം, വി.എസ്.എസ്.സിയിലെ 'ട്രൈസോണിക് വിൻഡ് ടണൽ' പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകാനുള്ള ഇന്ത്യയുടെ യാത്രയോടൊപ്പം ഗഗൻയാനിന്റെ സന്തോഷകരമായ യാദൃച്ഛികതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ അഞ്ച് മടങ്ങ് വളർച്ച നേടുമെന്നും 4400 കോടി ഡോളറിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ആഗോള ബഹിരാകാശ വാണിജ്യ കേന്ദ്രമായി മാറുകയാണ്. വരും ദിവസങ്ങളിൽ ഇന്ത്യ ഒരിക്കൽ കൂടി ചന്ദ്രനിലേക്ക് പോകും. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് സാമ്പിളുകൾ വീണ്ടെടുക്കാനുള്ള പുതിയ ദൗത്യം ഏറ്റെടുക്കും. ശുക്രനും ലക്ഷ്യമാണ്. 2035ഓടെ ഇന്ത്യയ്ക്ക് സ്വന്തം ബഹിരാകാശ നിലയം ഉണ്ടാകും. ഈ അമൃത്കാലത്ത് ഒരു ഇന്ത്യൻ റോക്കറ്റിൽ ഒരു ഇന്ത്യക്കാരൻ ചന്ദ്രനിൽ ഇറങ്ങും - പ്രധാനമന്ത്രി പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐ.എസ്.ആർ.ഒ ചെയർമാനുമായ എസ് സോമനാഥ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |