
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് നിർണായക മൊഴി. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്. പ്രത്യേക അന്വേഷണ സംഘമാണ് ഗോവർദ്ധന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ബെല്ലാരിയിലും തെളിവെടുപ്പ് നടത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുപോകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് അന്വേഷണ സംഘം ഇന്ന് പുലർച്ചെയോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. വേർതിരിച്ചെടുത്ത സ്വർണം വിറ്റെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ബെല്ലാരിയിലെത്തിച്ചത്.
അതേസമയം, കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴിയും നിർണായകമായിരിക്കുകയാണ്. ശബരിമല സ്വർണപ്പാളി രജിസ്റ്ററിൽ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിർദ്ദേശപ്രകാരമാണെന്നാണ് മുരാരി ബാബുവിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും നേരത്തേ അന്വേഷണ സംഘത്തിന് സമാന മൊഴിയാണ് നൽകിയത്. ഇതോടെ, സ്വർണക്കൊള്ളയിൽ ദേവസ്വം ഉന്നതർക്കെതിരെയുളള കുരുക്ക് മുറുകിയിരിക്കുകയാണ്. നിലവിലെ ബോർഡിന്റെ ഇടപെടൽ സഹിതം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |