തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി പകരം അക്കാഡമിക് വിദഗ്ദ്ധരെ നിയമിക്കാനുള്ള രണ്ട് സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ ഒഴികെയുള്ള ബില്ലുകൾക്ക് അംഗീകാരം നൽകി ഗവർണർ. ഇവ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ഒരു പൊതുപരിപാടിയിൽ മാദ്ധ്യമപ്രവർത്തകരോട് സൂചിപ്പിച്ചു. ഈ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
നിയമസഭ പാസാക്കിയ 17ബില്ലുകളിൽ 14എണ്ണത്തിലും ഗവർണർ ഒപ്പിട്ടു. മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, അടച്ചിട്ടിരിക്കുന്ന കശുഅണ്ടി ഫാക്ടറികൾ സർക്കാരിന് ഏറ്റെടുക്കുന്നതിനായുള്ള ഭേദഗതി ബിൽ എന്നിവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാവാനിടയുള്ളതിനാൽ ഇവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന് നിയമ വകുപ്പ് ശുപാർശ ചെയ്തിരുന്നു.
ഒപ്പ് വച്ച
ബില്ലുകൾ
■ വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുള്ള പൊതുവിൽപന നികുതി (ഭേദഗതി).
■നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ഭേദഗതി
■ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണവും
■പ്രവാസി ഭാരതീയർ കമ്മിഷൻ ഭേദഗതി
■ വെറ്ററിനറി സർവകലാശാലാ നിയമ ഭേദഗതി
■ആധാരമെഴുത്തുകാരുടെയും വെൻഡർമാരുടെയും ക്ഷേമനിധിയിൽ അംഗത്വം നഷ്ടമായവർക്ക് പുന:സ്ഥാപിക്കൽ
■തോട്ടം നികുതി പിൻവലിക്കൽ
■ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരിക്കൽ
■ഖാദി ബോർഡ് നിയമ ഭേദഗതി
■ പ്രവാസി ഭാരതീയർ കമ്മിഷൻ ഭേദഗതി
■കാലഹരണപ്പെട്ട കർഷക കടാശ്വാസ ന, കാർഷികാദായ നികുതി നിയമം റദ്ദാക്കൽ
ഒപ്പിടാത്തവ
■മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി
■ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി
■വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി,
■പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ)റദ്ദാക്കൽ
ലോകായുക്ത ഭേദഗതി ബിൽ നിയമവിരുദ്ധവും ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണിയും, സ്വന്തം കേസിൽ സ്വന്തമായി വിധി പറയാൻ പര്യാപ്തവുമാണെന്നാണ്
ഗവർണറുടെ വിലയിരുത്തൽ. വി.സി നിയമന ഭേദഗതി നിയമമായാൽ, സർക്കാർ പറയുന്നവരെ വി.സിയാക്കേണ്ടി വരും.
സംസ്ഥാന ബഡ്ജറ്റ് ഫെബ്രു. മൂന്നിന്
നയപ്രഖ്യാപനത്തോടെ സഭാ
സമ്മേളനം 23 മുതൽ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഈ മാസം 23ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫെബ്രുവരി 10 വരെയാണ് സമ്മേളനം. 24ന് സഭ സമ്മേളിക്കില്ല. 25, ഫെബ്രുവരി 1, 2 തീയതികളിലായി ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച. ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബഡ്ജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബഡ്ജറ്റാണിത്.
ഫെബ്രുവരി 6, 7, 8 തീയതികളിൽ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച. ധനസംബന്ധമായ മറ്റ് നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കി 10ന് താത്കാലികമായി സഭ പിരിയും. ഫെബ്രുവരി അവസാനം വീണ്ടും സമ്മേളിച്ച് മാർച്ച് 31നകം സമ്പൂർണ ബഡ്ജറ്റ് പാസാക്കും.
ഗവർണറോട് കൂടുതൽ പ്രകോപനത്തിലേക്ക് പോകേണ്ടെന്ന നിഗമനത്തിലാണ് കഴിഞ്ഞ മാസം 13ന് അവസാനിച്ച നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാൻ ബുധനാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിന്റെ ഫയലിൽ രാത്രി ഗവർണർ ഒപ്പുവച്ചതോടെ ഏഴാം സമ്മേളനം അവസാനിച്ചതായുള്ള വിജ്ഞാപനമിറങ്ങി. അതിന് പിന്നാലെയാണ് ഇന്നലെ രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം 23 മുതൽ സഭാസമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.
നയപ്രഖ്യാപനം:
മന്ത്രിസഭാ ഉപസമിതി
നയപ്രഖ്യാപനത്തിനുള്ള കരട് തയ്യാറാക്കുന്നതിനായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ എന്നിവരാണ് മറ്രംഗങ്ങൾ. കരട് നയപ്രഖ്യാപനം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
നയപ്രഖ്യാപനം സ്വാഗതാർഹം: ഗവർണർ
തിരുവനന്തപുരം: നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനം ഭരണഘടനാ അനുസൃതമാണെന്നും സ്വാഗതാർഹമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലാ നിയമഭേദഗതി ബിൽ ഗവർണർക്കു കൂടി ബാധകമാണ്. അതിനാൽ എന്ത് തീരുമാനമെടുക്കണമെന്ന് തനിക്ക് മുകളിലുള്ളവർ തീരുമാനിക്കണം. സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. സർക്കാരിന്റെ പ്രവർത്തനത്തിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും അനന്തപുരി വേദസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗവർണർ കേരളം വിട്ടു
തിരുവനന്തപുരം: നിയമസഭ പാസാക്കിയതിൽ വിവാദമില്ലാത്ത ബില്ലുകളിൽ ഒപ്പിട്ട ശേഷം ഗവർണർ ഇന്നലെ രാത്രിയോടെ ഗോരഖ്പൂരിലേക്ക് പോയി. അവിടെ പ്രഭാഷണത്തിനായാണ് പോയത്. അവിടെ നിന്ന് ഡൽഹിയിലേക്ക് പോവും. തിരിച്ച് എട്ടിന് കൊച്ചിയിലെത്തും. അവിടത്തെ പരിപാടികൾക്കു ശേഷം അടുത്തദിവസം തിരുവനന്തപുരത്തെത്തും. 11ന് കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കാനുള്ള നോട്ടീസിന്മേലുള്ള ഹിയറിംഗ് നിശ്ചയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |