നെയ്യാറ്റിൻകര : ഗുരുപൂജ ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും, ഗുരുപൂജയെ എതിർക്കുന്നത് സംസ്കാര ശൂന്യരാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ.
ബാലരാമപുരം മാളോട്ട് ശ്രീഭദ്ര കൺവെൻഷൻ സെൻ്ററിൽ ബാലഗോകുലം ദക്ഷിണ
കേരളം സുവർണ്ണ ജയന്തി സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുപൂജയെ അപലപിക്കുന്ന ചിന്തകൾ കേരളത്തിൽ വളർന്നു വരുന്നു. ചില സ്കൂളുകളിൽ ഗുരുപൂജ നടത്തിയത് വിവാദമായി. കുട്ടികൾക്ക് ബാല്യത്തിൽ നൽകുന്ന സംസ്കാരം അവരെ നല്ല പൗരന്മാരായി വളർത്തും.കേരളത്തിൽ വളർന്നുവരുന്ന അപചയത്തിനുള്ള മറുപടിയാണ് ബാലഗോകുലമെന്നും ഗവർണർ പറഞ്ഞു.
ബാലഗോകുലം ദക്ഷിണ കേരളം അദ്ധ്യക്ഷൻ ഡോ.എൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പൊതുകാര്യദർശി ബിജു ബി.എസ്, സ്വാഗതസംഘം അധ്യക്ഷൻ ഡോ.രവീന്ദ്രൻ , സംസ്ഥാന കാര്യദർശി വി.ഹരികുമാർ, സംസ്ഥാന പൊതുകാര്യദർശി കെ.എൻ ഹരികുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ ആർ.ജി അരുൺദേവ് എന്നിവർ സംസാരിച്ചു. സുവർണ്ണജയന്തി ലോഗോ, ഗോകുലഭാരതി എന്നിവ ഗവർണർ പ്രകാശനം ചെയ്തു. മുന്നു ദിവസമായി നടന്നു വന്ന സമ്മേളനം സമാപിച്ചു.
ഭാരവാഹികൾ:
ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷനായി ഡോ.ഉണ്ണികൃഷ്ണൻ,ഉപാധ്യക്ഷൻമാരായി പി.എൻ സുരേന്ദ്രൻ,ജി.സന്തോഷ്പി എന്നിവരെ തിരഞ്ഞെടുത്തു.കൃഷ്ണപ്രിയ (ഉപാധ്യക്ഷ), വി.എസ് ബിജു (പൊതുകാര്യദർശി), കെ ബൈജുലാൽ, ആർ.പി രാമനാഥൻ, എസ് ശ്രീകുമാർ, കെ.ആർ മുരളി(കാര്യദർശിമാർ), സി.വി ശശികുമാർ(ഖജാൻജി), ആർ.കെ രമാദേവി(ഭഗിനി പ്രമുഖ), കെ.കെ ശ്രീവിദ്യ, അർച്ചന-(സഹഭഗിനി പ്രമുഖമാർ), വി.എസ് മധുസൂദനൻ-, പി.സി ഗിരീഷ് കുമാർ, പി.എസ് ഗിരീഷ് കുമാർ, എം.എസ് സുഭാഷ്, അനൂപ്, ബി അജിത് കുമാർ, മനോജ്, സന്തോഷ് കുമാർ.പി, ആർ സുധാകുമാരി (സമിതി അംഗങ്ങൾ) എസ്.ആർ കണ്ണൻ (സംസ്ഥാന സംഘടനാ കാര്യദർശി) എന്നിവരെയും തിരഞ്ഞെടുത്തു.
പൊതുവിദ്യാലയങ്ങളിൽ മതചടങ്ങുകൾക്ക്
പൊതുമാനദണ്ഡം ആലോചിക്കും: മന്ത്രിശിവൻകുട്ടി
പാദപൂജ ചെയ്യിച്ച സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും
.......................................................
തിരുവനന്തപുരം: പാദപൂജപോലെയുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാലയങ്ങളിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കാൻ പൊതുമാനദണ്ഡം പുറപ്പെടുവിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂളിൽ കുട്ടികളെക്കൊണ്ട് അദ്ധ്യാപകരുടെ കാൽകഴുകിച്ച സംഭവം അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളിനെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാലയങ്ങളിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കാൻ ഇതുവരെ നിർദ്ദേശം നൽകിയിട്ടില്ല. എന്നാൽ ഇത്തരം വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആലോചിച്ച് തീരുമാനങ്ങളെടുക്കേണ്ടി വരും.
പാദപൂജ നടത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ആലപ്പുഴയിൽ ബി.ജെ.പി ജില്ലാസെക്രട്ടറിയുടെ കാൽവരെ കുട്ടികൾക്കു കഴുകേണ്ടി വന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വകുപ്പ് 17(1) പ്രകാരം ഇത്തരം നടപടികൾ മാനസികപീഡനത്തിന്റെ പരിധിയിൽ വരും. ആരുടെയും കാൽകഴുകിക്കാനുള്ള അവസരം കേരളത്തിലെ വിദ്യാലയങ്ങളിൽ ഉണ്ടാക്കില്ല. ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നവർ സർവീസ് ചട്ടമനുസരിച്ച് ശിക്ഷാനടപടി നേരിടേണ്ടി വരും.
പാദപൂജയിലെ അന്വേഷണ റിപ്പോർട്ട് പൊതുജനങ്ങളെ അറിയിക്കും.
കാൽകഴുകൽ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഗവർണർ പറഞ്ഞല്ലോ എന്ന ചോദ്യത്തിന് അത്തരം സംസ്കാരം കേരളത്തിലില്ലെന്നായിരുന്നു മറുപടി. മറ്റൊരാളുടെ കാൽ കഴുകിക്കുന്നത് ഭാരതീയസംസ്കാരത്തിനും യോജിച്ചതല്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. ആർ.എസ്.എസ് അജൻഡയാണ് ഗവർണറുടെ വായിലൂടെ വന്നത്. കൊച്ചുകുട്ടികളെക്കൊണ്ടു കാൽകഴുകിക്കണമെന്ന് ഏതുഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും മന്ത്രി ചോദിച്ചു.
ഗവർണർ കേരളത്തെ ഇരുണ്ട യുഗത്തിലേക്ക്
കൊണ്ടുപോകുന്നു:വേണുഗോപാൽ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് ബി.ജെ.പി ജില്ലാ സെക്രട്ടറിയുടേത് ഉൾപ്പെടെയുള്ളവരുടെ കാലുകഴുകിച്ച നടപടിയെ ന്യായീകരിച്ച ഗവർണർ കേരളത്തിന് നാണക്കേടാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.
രാജേന്ദ്ര ആർലേക്കർ കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു. ശ്രീനാരായണ ഗുരുവിനും ചട്ടമ്പി സ്വാമിക്കും മഹാത്മാ അയ്യങ്കാളിക്കും ജന്മം നൽകിയ മണ്ണാണിത്. നവോത്ഥാനം നടന്ന കേരളത്തിന്റെ ചരിത്രം ഗവർണർക്ക് അറിയില്ല. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നതാണ് നാടിന്റെ സംസ്കാരം എന്ന് ഗവർണർ പറഞ്ഞാൽ കേരള ജനത അംഗീകരിക്കില്ല. സവർണ അജൻഡയോടെയുള്ള രാഷ്ട്രീയം മാത്രമാണത്. പുരോഗമന മുന്നേറ്റം നടത്തിയ സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനുള്ള ഗവർണറുടെ നടപടി അപലപനീയമാണ്.
ബി.ജെ.പി നേതാവിനെ രാഷ്ട്രപതി ഭവൻ നോമിനേറ്റ് ചെയ്ത നടപടി ശരിയായില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഈ നാമനിർദ്ദേശം ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ച മൂല്യച്യുതിയാണെന്നും വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |