തിരുവനന്തപുരം: നാലു ജയിലുകളിൽ വധശിക്ഷ കാത്ത് 39 പേരുണ്ടെങ്കിലും ഒടുവിൽ വധശിക്ഷ നടപ്പാക്കിയത് 34 വർഷം മുമ്പ്. ചുറ്റിക കൊണ്ട് 14 പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ റിപ്പർചന്ദ്രനെ 1991ലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും വിയ്യൂർ അതിസുരക്ഷാ ജയിലിലുമാണ് വധശിക്ഷ കിട്ടിയവരെ പാർപ്പിച്ചിരിക്കുന്നത്. വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതി കോവളം സ്വദേശി റഫീക്കാ ബീവിയും ഷാരോൺ കൊലക്കേസിലെ ഗ്രീഷ്മയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിലുണ്ട്. ആദ്യമായി അമ്മയ്ക്കും മകനും വധശിക്ഷ കിട്ടുന്നതും വിഴിഞ്ഞം ശാന്തകുമാരി കേസിലാണ്. റഫീക്കാബിവിക്കൊപ്പം മകൻ ഷെഫീഖിനും വധശിക്ഷ നൽകി. വധശിക്ഷ കിട്ടിയവരെല്ലാം മേൽക്കോടതികളിൽ അപ്പീൽ നൽകി കാത്തിരിക്കുകയാണ്.
തടവുകാരെ തൂക്കിലേറ്റാൻ കണ്ണൂരിൽ രണ്ടും പൂജപ്പുരയിൽ ഒന്നും കഴുമരങ്ങളുണ്ട്. രണ്ടിടത്തുമായി ഇതുവരെ 26പേരെ തൂക്കിക്കൊന്നിട്ടുണ്ട്. നിലവിൽ ഒറ്റ ജയിലിലും ആരാച്ചാർമാരില്ല. വധശിക്ഷ നടപ്പാക്കേണ്ടിവന്നാൽ രണ്ടുലക്ഷം രൂപ പ്രതിഫലം നൽകി ആരാച്ചാരെ നിയമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |