കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ഇന്ത്യയിലെ തലവൻ ശ്രേഷ്ഠ കാതോലിക്കാബാവ ആബൂൻ ബസേലിയോസ് തോമസ് പ്രഥമൻ കാലം ചെയ്തു. 95 വയസായിരുന്നു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ഇന്നലെ വൈകിട്ട് 5.21നായിരുന്നു അന്ത്യം.
കബറടക്കം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. ഭൗതിക ശരീരം കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ച ശേഷമുള്ള കുർബാന ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. സഭയുടെ സ്ഥാപങ്ങൾക്ക് ഇന്നും നാളെയും അവധിയായിരിക്കും.
ആറു മാസമായി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം ഉയർന്നതോടെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പക്ഷാഘാതവും ആന്തരിക രക്തസ്രാവവും മൂലം 2021 ജൂണിലാണ് നില വഷളായത്. ജൂലായിൽ 95 ാം ജന്മദിനാഘോഷ ശേഷം സഭാപരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
എറണാകുളം പുത്തൻകുരിശിനടുത്ത് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞമ്മയുടെയും എട്ടു മക്കളിൽ ആറാമനായി 1929 ജൂലായ് 22 നാണ് സി.എം. തോമസ് എന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ജനനം. രോഗങ്ങൾ മൂലം നാലാം ക്ളാസിൽ പഠനം നിറുത്തി. പിന്നീട് തപാൽവകുപ്പിൽ അഞ്ചലോട്ടക്കാരനായി.
ചെറുപ്പത്തിലേ അദ്ധ്യാത്മികതയിലായിരുന്നു താത്പര്യം. മലേക്കുരിശ് ദയാറയിൽ സൺഡേ സ്കൂളിൽ പഠിപ്പിച്ചും വചനപ്രഭാഷണം നടത്തിയും ശ്രദ്ധ നേടി. പത്തനംതിട്ട ഓമല്ലൂർ ഇഗ്നാത്തിയോസ് ദയറായിൽ വൈദികപഠനം പൂർത്തിയാക്കി. 1952 ൽ 23 ാം വയസിൽ കോറൂയോ പട്ടവും 1957 ൽ ശെമ്മാശപട്ടവും 1958ൽ മഞ്ഞനിക്കര ദയാറയിൽ നിന്ന് ഫാ. സി.എം. തോമസ് ചെറുവിള്ളിൽ എന്ന പേരിൽ വൈദികപട്ടവും നേടി.
സഭയുടെ ഏറ്റവും വലിയ ഭദ്രാസനമായ അങ്കമാലിയുടെ മെത്രാപ്പോലീത്തയായിരിക്കെ മലബാർ, കേരളത്തിന് പുറത്തെ ഭദ്രാസനങ്ങൾ എന്നിവയുടെ ചുമതലയും വഹിച്ചു.1999ൽ എപ്പിസ്കാേപ്പൽ സുന്നഹദോസ് പ്രസിഡന്റായി. 2001 ഡിസംബർ 27 ന് നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തെരഞ്ഞെടുത്തു. 2002ൽ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി. 2002 ജൂലായ് 26 ന് പുത്തൻകുരിശ് പാത്രിയാർക്കാ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സഭയുടെ തലവനായി പാത്രിയാർക്കീസ് ബാവയെ ആഗോള പരമാദ്ധ്യക്ഷൻ അന്തോഖ്യയിലെ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവ വാഴിച്ചു. ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരും നൽകി. 2019 ഏപ്രിൽ 27 ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |