
പത്തനംതിട്ട: അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്ക് പിന്നാലെ പാഞ്ഞ് പൊലീസ്. ഇന്നലെയാണ് രാഹുൽ അടൂരിലെ വീട്ടിലെത്തിയത്. വീടിന് ചുറ്റും പൊലീസ് കാവലുണ്ട്. ഇന്ന് രാവിലെ അപ്രതീക്ഷിതമായി രാഹുൽ സ്കൂട്ടറിൽ പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ പൊലീസും പിന്തുടർന്നു.
കുറച്ചുസമയത്തിനുള്ളിൽ രാഹുലും പൊലീസും തിരിച്ചെത്തി. ക്ഷേത്രത്തിലേക്കാണ് പോയതെന്നാണ് രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പത്തനംതിട്ട വിട്ട് പോകരുതെന്നാണ് പൊലീസ് രാഹുലിന് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ പൊലീസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിനായി താൻ കാത്തിരിക്കുകയാണെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ പാലക്കാട്ടേക്ക് പോകുമെന്നും രാഹുൽ വ്യക്തമാക്കി . ഷാഡോ പൊലീസ് സംഘമാണ് രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്.
അതേസമയം, ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയെ ഹോംസ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ രാഹുൽ ഇന്ന് അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകണം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് ഡിസംബർ പത്തിന് രാഹുലിന് കേസിൽ മുൻകൂർജാമ്യം അനുവദിച്ചത്. രാഹുലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന പീഡനക്കുറ്റം തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ രേഖകളൊന്നും ഇല്ലെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണം. മൂന്ന് മാസത്തേക്കോ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതുവരെയോ രണ്ടാഴ്ച കൂടുമ്പോള്‍ തിങ്കളാഴ്ച രാവിലെ പത്തിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴും ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി രാഹുലിന് മുൻപിൽ വച്ചിരിക്കുന്നത്.
രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. കേസിൽ വിശദമായി വാദം കേൾക്കണമെന്നാണ് കോടതി അന്ന് വ്യക്തമാക്കിയത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് രാഹുൽ മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |