
തിരുവനന്തപുരം: അതിജീവിത ഒരിഞ്ച് പോലും തളർന്നിട്ടില്ലെന്നും അതിശക്തമായി മുന്നോട്ട് സഞ്ചരിക്കാൻ തന്നെയാണ് അവളുടെ തീരുമാനമെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നിയമത്തിന്റെ ഏതറ്റം വരെയും അവൾ സഞ്ചരിക്കും. രണ്ട് മണിക്കൂർ ഒരു കാറിൽ സഞ്ചരിച്ചപ്പോഴുണ്ടായതിനെക്കാൾ കൂടുതൽ അപമാനം അടച്ചിട്ട കോടതിമുറിക്കുള്ളിൽ അവൾ അനുഭവിച്ചു. അതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ലല്ലോ. അതുകൊണ്ടാണ് കഴിഞ്ഞദിവസം അതിജീവിത പോസ്റ്റ് പങ്കുവച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഐഎഫ്എഫ്‌കെ വേദിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകായിരുന്നു ഭാഗ്യലക്ഷ്മി.
'കോടതി വിധിയിൽ അപ്പീൽ പോയിരിക്കും. അക്കാര്യം അന്ന് തന്നെ തീരുമാനിച്ചതാണ്. മുന്നോട്ട് സഞ്ചരിക്കുന്നെന്ന് ഔദ്യോഗികമായി പറയേണ്ടത് അവൾ തന്നെയാണ്. നിയമത്തിന്റെ ഏതറ്റംവരെയും പോകും. അവളെ തളർത്താമെന്ന് പിആർ വർക്ക് ചെയ്യുന്നവരോ ക്വട്ടേഷൻ കൊടുത്ത വ്യക്തിയോ, പൈസ വാങ്ങിയ വ്യക്തിയോ ആരും വിചാരിക്കേണ്ട. ഈ പറയുന്ന എല്ലാ ശിക്ഷകളും കിട്ടത്തക്ക രീതിയിൽ തന്നെ മുന്നോട്ടുപോകും. നമ്മൾ എല്ലാവരും അവളോടൊപ്പം നിൽക്കുക എന്നതാണ് ചെയ്യേണ്ടത്.
ഇദ്ദേഹം തന്നെയാണ് ക്വട്ടേഷൻ കൊടുത്തതെന്ന് മനസിലായത് വിധി വന്നതോടെയാണ്. കോടതി വിധി കേട്ട് പുറത്തുവന്നപ്പോൾ, എനിക്ക് സന്തോഷമുണ്ട് സത്യം വിജയിച്ചു എന്നൊക്കെ പറയുന്നതിന് പകരം മറ്റൊരു നടിയുടെ പേരാണ് പറയുന്നത്. ആ നടി വേദിയിൽ സംസാരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ പേര് പറഞ്ഞുകൊണ്ടല്ല സംസാരിച്ചത്. എന്നെയാണ് പറഞ്ഞതെന്ന് അദ്ദേഹം ചിന്തിക്കുന്നത്, അദ്ദേഹം ചെയ്തു എന്നുറപ്പുള്ളത് കൊണ്ടാണ്. അദ്ദേഹത്തിന്റെ വില്ലനിസം ഇനിയും തീർന്നിട്ടില്ല. ഇനിയും ഇതുതന്നെ ചെയ്യുമെന്ന ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ആ വിധിയിൽ കൂടെയാണ്.
വിധി വരുന്ന അന്ന് തന്നെയാണ് നമ്മൾ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന മോഹൻലാൽ ആ പോസ്റ്റർ റിലീസ് ചെയ്യുന്നത്. ഞാൻ എന്താണ് ചെയ്തതെന്ന് അദ്ദേഹം പോലും ചിന്തിച്ചില്ലല്ലോ? അവന് വേണ്ടിയും അവൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞത് നാം കേട്ടു. അയാൾ ഉണ്ടാക്കിവച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്‌പേസുണ്ട്. അതാണ് ഇപ്പോൾ നമ്മൾ കണ്ടത്'- ഭാഗ്യലക്ഷ്മി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |