
തിരുവനന്തപുരം: കോർപ്പറേഷനിൽ അധികാരം ലഭിച്ചിരുന്നെങ്കിൽ ആര്യ രാജേന്ദ്രൻ മികച്ച മേയറാണെന്ന് എല്ലാവരും പറയുമായിരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തന്നെക്കാൾ മികച്ച മേയറാണ് ആര്യയെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിൽ എൽഡിഎഫിന് തിരിച്ചടിയുണ്ടായതിനുപിന്നാലെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനങ്ങളാണുണ്ടായത്. മേയറുടെ ഭരണത്തിലുണ്ടായ പിശകാണെന്ന തരത്തിലുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
'തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം ലഭിച്ചിരുന്നെങ്കിൽ ആര്യ മികച്ച മേയർ ആണെന്ന് എല്ലാവരും പറയുമായിരുന്നു. അഞ്ചുവർഷം തിരുവനന്തപുരം മേയർ ആയിരുന്നയാളാണ് ഞാൻ. ഞാൻ മേയറായിരുന്ന കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളെക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നിട്ടുണ്ട്. ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പാണ്. ഫലത്തെ സ്വാഗതം ചെയ്യുന്നു. ജനവിധിയെ മാനിക്കുന്നു. വോട്ടിംഗ് ശതമാനമൊക്കെ പരിശോധിക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് ചെറിയ പിറകോട്ടടിയുണ്ട്. മുൻപും ഇതുപോലെ ഉണ്ടായിട്ടുണ്ട്. പുതിയ കാര്യമല്ല. പരിശോധിച്ച് കൂടുതൽ ശക്തിയോടെ മുമ്പോട്ട് വരും. ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. കേന്ദ്ര ലേബർ കോഡുകൾക്കെതിരെ കേരളം പ്രതിരോധം തീർക്കും. ബദൽ തൊഴിൽ നയം രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ 19ന് തിരുവനന്തപുരത്ത് ലേബർ കോൺക്ലേവ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും'- ശിവൻകുട്ടി വ്യക്തമാക്കി.
എൽഡിഎഫും യുഡിഎഫും ചേർന്ന് സ്വതന്ത്രനെ പിന്തുണച്ച് നഗരസഭ ഭരിക്കുമോയെന്ന ചോദ്യത്തിന് ജനാധിപത്യപരമായി അധികാരത്തിൽവന്ന ഭരണസമിതിയെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |