കൊച്ചി: പ്രായമായ അമ്മയെ പരിപാലിക്കാത്തവൻ 'മനുഷ്യനല്ലെന്ന് " ഹൈക്കോടതി.100 വയസായ അമ്മയ്ക്ക് മാസം 2,000രൂപ വീതം ജീവനാംശം നൽകണമെന്ന കൊല്ലം കുടുംബകോടതി ഉത്തരവ് ചോദ്യംചെയ്ത് മകൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. അമ്മയ്ക്ക് ജീവനാംശം നൽകാതെ കോടതി കയറ്റിയ മകന്റെ നടപടി ലജ്ജിപ്പിക്കുന്നുവെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
അമ്മയല്ല ചേട്ടനാണ് ജീവനാംശക്കേസിന് പിന്നിലെന്ന് ഹർജിക്കാരനായ കൊല്ലം കിഴക്കനേല ആര്യഭവനിൽ ഉണ്ണിക്കൃഷ്ണപിള്ള (57) വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തന്റെകൂടെ താമസിച്ചാൽ അമ്മയെ നോക്കാമെന്ന ഹർജിക്കാരൻ പറഞ്ഞു. എന്നാൽ,അമ്മയെ നോക്കുന്നത് ത്യാഗമല്ല,ചുമതലയാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ നാണക്കേടാണെന്ന് കോടതി പറഞ്ഞു.
മറ്റ് മക്കളുണ്ടെന്നും അവരും ജീവനാംശം നൽകുന്നില്ലെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. തുർന്നാണ് അമ്മയെ പരിപാലിക്കാത്തവൻ മനുഷ്യനല്ലെന്ന് കോടതി പറഞ്ഞത്. മാതാപിതാക്കൾക്ക് പ്രായമേറുമ്പോൾ താത്പര്യങ്ങളും പെരുമാറ്റവുമൊക്കെ മാറാം. കുട്ടികളെ പോലെയാകാം. മക്കൾ കുട്ടിയായിരുന്നപ്പോൾ അമ്മമാർ കാണിച്ച ക്ഷമയും സഹനവും മാതാപിതാക്കൾ പ്രായമാകുമ്പോൾ മക്കൾ കാണിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
കോടതി പരിഗണിച്ച കേസിൽ 92-ാം വയസിലാണ് അമ്മ ജീവനാംശം തേടി കുടുംബകോടതിയിൽ കേസ് ഫയൽചെയ്തത്. ഇത്തരമൊരു സാഹചര്യം ഉണ്ടാക്കരുതായിരുന്നു. അമ്മയാണ് മക്കളുടെ വീട്. ഏത് പ്രായത്തിലും ഓരോരുത്തർക്കും അമ്മയെ ആവശ്യമുണ്ട്. ഇപ്പോൾ നൂറുവയസായ അമ്മയ്ക്ക് ജീവനാംശം നൽകാതെ മകൻ കോടതിയിലെത്തിയത് കണ്ടിട്ട് ഇത്തരമൊരു സമൂഹത്തിന്റെ ഭാഗമാണല്ലോ താനും എന്നോർത്ത് നാണം തോന്നുവെന്നും ഉത്തരവിൽ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |