തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിൽ ഏഴ് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാദ്ധ്യത. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ ഇന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് രാത്രി 10 മണിക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഛത്തീസ്ഗഡിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാനാണ് സാദ്ധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്
മഴയെ തുടർന്ന് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഒൻപത് അണക്കെട്ടുകളിൽ റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. കെഎസ്ഇബിയുടെ കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുര സാഗർ അണക്കെട്ടിലും ജലസേചന വകുപ്പിന്റെ മീങ്കര, വാളയാർ, പോത്തുണ്ടി ഡാമുകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
മാട്ടുപെട്ടി, കല്ലാർകുട്ടി, പെരിങ്ങൽകുത്ത് ഡാമുകളിലും മീങ്കര, വാളയാർ, പോത്തുണ്ടി ഡാമുകളിലും മുൻകരുതലിന്റെ ഭാഗമായി ജലം തുറന്നു വിടുന്നുണ്ട്. അണക്കെട്ടുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. ഇടുക്കി ഡാമിൽ സംഭരണശേഷിയുടെ 74.37% ജലം ലഭിച്ചു. ഇന്നത്തെ ജലനിരപ്പ് - 2380.56 അടി ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |