തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകൾക്കാണ് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
16/08/2025: കോഴിക്കോട്, കണ്ണൂർ, കാസർകോട്
17/08/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
18/08/2025: കോഴിക്കോട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തിരുവനന്തപുരം വാമനപുരത്തെ (മൈലമൂട് സ്റ്റേഷൻ) നദിയിൽ സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലർട്ട് നൽകിയിരിക്കുകയാണ്. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാദ്ധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അധികൃതർ പറയുന്നു.
അതേസമയം, കേരള തീരത്ത് ഇന്ന് മുതൽ ഓഗസ്റ്റ് 17 വരെയും, കർണാടക തീരത്ത് ഇന്ന് മുതൽ ഓഗസ്റ്റ് 19 വരെയും, ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതൽ ഓഗസ്റ്റ് 18 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |