തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട് എത്തിക്കാൻ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ എഗ്രൂപ്പ് നേതൃയോഗം ചേർന്നെന്ന വാർത്തകളിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജാ വേണുഗോപാൽ. കാഞ്ചനയ്ക്ക് മൊയ്തീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധമാണ് ഷാഫിയും രാഹുലും തമ്മിലുളളതെന്നും പത്മജ പറഞ്ഞു. നമുക്കുമുണ്ട് സുഹൃത്തുക്കൾ. പക്ഷെ ഷാഫി- രാഹുൽ സൗഹൃദമാണ് സൗഹൃദം. കാഞ്ചനയ്ക്ക് മൊയ്തീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധം ആണല്ലോ അവർ തമ്മിലുളളത്. ബ്ലാക്‌മെയ്‌ലൊന്നും അല്ലല്ലോയെന്നും പത്മജ ചോദിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിലായിരുന്നു ഗ്രൂപ്പ് യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കമെന്നാണ് വിവരം. മണ്ഡലത്തിൽ നിന്ന് രാഹുൽ ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയായിരുന്നു യോഗം.
എന്നാൽ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂർ ഭവന സന്ദർശന പരിപാടിക്കിടെയായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.
അതേസമയം, ഷാഫി പറമ്പിലിനെ കഴിഞ്ഞ ദിവസം വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ തടഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ടൗൺഹാളിൽ ഭിന്നശേഷിക്കാരുടെ ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് എംപി മടങ്ങുമ്പോഴായിരുന്നു സംഭവം. പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. ഇന്നലെ വടകരയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |