SignIn
Kerala Kaumudi Online
Thursday, 19 February 2026 9.20 AM IST

രാഹുലിന് വീണ്ടും ആശ്വാസം; ആദ്യ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
rahul-mamkootathil

കൊച്ചി: ആദ്യ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർജാമ്യം അനുവദിച്ച് ഹൈക്കോടതി. നേരത്ത മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ അറസ്​റ്റിലായ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ പീഡനക്കേസിലും കീഴ്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ എല്ലാ കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചിരിക്കുകയാണ്.

കർശന ഉപാധികളോടെയാണ് രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 16 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം. രാവിലെ പത്തുമുതൽ വൈകുന്നേരം നാലുമണിവരെ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഉപാധിയിൽ പറയുന്നു. ആ കാലയളവിൽ കസ്റ്റഡിയിൽ ഉള്ളതായി കണക്കാക്കണം. മൊബൈൽ ഫോൺ കൈമാറണം, വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം, പാസ്‌പോർട്ട് സമർപ്പിക്കണം, കേരളം വിട്ടുപോകരുത്, ഓരോ രണ്ടാമത്തെ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, സാക്ഷികളെ ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, ജാമ്യത്തിലായിരിക്കുമ്പോൾ ഒരു കുറ്റകൃത്യവും ചെയ്യരുത്, അറസ്റ്റ് രേഖപ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാൽ അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തെ വിട്ടയക്കണം എന്നിവയാണ് ജാമ്യവ്യവസ്ഥയിലെ ഉപാധികള്‍.

യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർജാമ്യം നൽകരുതെന്നുമായിരുന്നു ആദ്യ കേസിൽ പ്രോസിക്യൂഷൻ വാദം. ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെൺകുട്ടികളെ സമാനരീതിയിൽ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു പരാതിക്കാരി കോടതിയെ അറിയിച്ചത്.

എന്നാൽ യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായും ധാർമികമായും തെറ്റല്ല എന്നതിനാൽ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. നഗ്ന ദൃശ്യങ്ങൾ കൈവശം വച്ചതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി പറഞ്ഞു.

TAGS: HIGHCOURT, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY