തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് മുതൽ ഹിന്ദിപഠിപ്പിക്കണമെന്ന ആവശ്യവുമായി ഹിന്ദി അദ്ധ്യാപക് മഞ്ച്.കേരളത്തിൽ ഒന്നാംക്ലാസ് മുതൽ തന്നെ അറബി,ഉറുദു,സംസ്കൃതം,ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ പഠിപ്പിക്കുന്നുണ്ടെങ്കിലും ഹിന്ദി ഒഴിവാക്കിയിരിക്കുകയാണ്. ഈ രീതിക്ക് മാറ്റം വരുത്തണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.
കേരളത്തിൽ സർക്കാർ സ്കൂളുകൾ,സർക്കാർ എയ്ഡഡ് സ്കൂളുകൾ എന്നിവ ഒഴികെയുള്ള മറ്റെല്ലാ സ്കൂളുകളിലും ഹിന്ദി ഭാഷയ്ക്ക് താഴ്ന്ന ക്ലാസ്സ് മുതൽ പ്രാമുഖ്യം നൽകുന്നുണ്ട്.
അഞ്ചാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും,എല്ലാ ഭാഷാവിഷയങ്ങൾക്കും 4 മുതൽ 6 പിരീഡുകൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ പ്രവൃത്തി പരിചയം,കായികം,കല,മ്യൂസിക് മുതലായവയ്ക്ക് 3 പിരീഡുകളുണ്ട്. എന്നാൽ ഹിന്ദിക്ക് വെറും 2 പിരീഡാണുള്ളത്. ഒരു കുട്ടി ഭാഷ ആർജിക്കുന്നത് ആറ് വയസ്സ് മുതലാണ്. എന്നാൽ, കേരളത്തിൽ 11-ാം വയസ്സിലാണ് ഹിന്ദി പഠിക്കാൻ അവസരം ലഭിക്കുന്നത്.
കേരളത്തിലെ നിലവിലെ സ്ഥിതി അനുസരിച്ച് തൊഴിലാളി സമൂഹം ഹിന്ദി സംസാരിക്കുന്നവരാണ്. അവരോട് ഇടപഴകുന്നതിനും സംസാരിക്കുന്നതിനും അവരെ ഉപയോഗിച്ച് തൊഴിലിടങ്ങൾ സജീവമാക്കുന്നതിനും ഹിന്ദി ഭാഷ അനിവാര്യമാണ്.
ത്രിഭാഷാ പദ്ധതി
കോത്താരി കമ്മിഷന്റെ ചുവട് പിടിച്ചാണ് കേരളത്തിൽ ത്രിഭാഷാപദ്ധതി രൂപപ്പെട്ടത്. മാതൃഭാഷയായ മലയാളം, വിദേശ ഭാഷയായ ഇംഗ്ലീഷ്, ദേശീയ ഭാഷയായ ഹിന്ദി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ത്രിഭാഷാ പദ്ധതിക്ക് പ്രാമുഖ്യം നൽകി.
2021 ലെ നാഷണൽ അച്ചീവ്‌മെന്റ് സ്റ്റഡി (NAS) പറയുന്നത് സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കേരളത്തിലെ കുട്ടികൾ ഭാഷാപരമായ കഴിവുകളിൽ 56% ലധികം പിന്നാക്കം നിൽക്കുന്നെന്നാണ്. അതേസമയം സെൻട്രൽ സിലബസുകളിൽ ഭാഷാപരമായി 71% കുട്ടികൾ മുന്നാക്കാവസ്ഥയിൽ ആണെന്നും വ്യക്തമാക്കുന്നു.
നാഷണൽ എജ്യുക്കേഷൻ പോളിസി പ്രകാരം, (NEP 2020) മാതൃഭാഷ,ഒരു ഇന്ത്യൻ ഭാഷ,ഒരു വിദേശ ഭാഷ എന്ന ക്രമത്തിലാണ് പഠിക്കേണ്ടത്.
@ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം ആരംഭിക്കുക
@നിലവിൽ അഞ്ചാം ക്ലാസിൽ ഹിന്ദി ഭാഷയ്ക്ക് കൂടുതൽ പിരീയഡുകൾ അനുവദിക്കുക.
@ഹയർസെക്കൻഡറി തലത്തിൽ ഹിന്ദി ഭാഷ നിർബന്ധിത വിഷയമാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |