കോഴിക്കോട്: ഭിന്നശേഷിക്കാർക്കായി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മാജിക് ഹോം പദ്ധതിയിലൂടെ നിർമ്മിക്കുന്ന രണ്ട് വീടുകൾ കോഴിക്കോട്ടും പാലക്കാട്ടും പൂർത്തിയായി. സ്‌പോൺസർമാരുടെ പിന്തുണയോടെയുള്ള നിർമ്മാണത്തിന്റെ ചലവ് 10 ലക്ഷമാണ്.
പദ്ധതിയിലെ ഏഴാമത്തെ വീടിന്റെ താക്കോൽദാനം ഇന്ന് രാവിലെ 11ന് കോഴിക്കോട് നന്മണ്ട ചീക്കിലോട്ട് നടക്കും. 20 വർഷമായി വാടകയ്ക്കാണ് താമസിക്കുന്ന കാഴ്ചപരിമിതരായ സുരേഷ്-പങ്കജം ദമ്പതികൾക്കാണ് നൽകുന്നത്. നാലു സെന്റിൽ 620 ചതുരശ്രയടിയിലാണ് വീട്. ചലച്ചിത്ര താരങ്ങളായ ജോയ് മാത്യു, സുരഭി ലക്ഷ്മി, ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഫിൻകോ വേഴ്‌സിറ്റി സി.ഇ.ഒ ഇബ്‌നുജാല എന്നിവർ ചേർന്ന് കൈമാറും.
പദ്ധതിയിലെ എട്ടാമത്തെ വീടിന്റെ താക്കോൽദാനം നാളെ രാവിലെ 11ന് പാലക്കാട് ഒറ്റപ്പാലം വരോടിൽ നടക്കും. ഡിഫറന്റ് ആർട് സെന്റർ ചെയർമാൻ ജിജി തോംസൺ, മുതുകാട്, സ്മാർട്ട് അസോസിയേറ്റ്‌സ് എം.ഡി മനോജ് കുമാർ കാഞ്ഞിരത്തൊടി എന്നിവർ ചേർന്ന് താക്കോൽ കൈമാറും. വരോടിലെ രജീന-മുഹമ്മദ് റഷീദ് ദമ്പതികളുടെ കേൾവിപരിമിതരായ മക്കൾ മുഹമ്മദ് റഫാൽ, റിഫാന എന്നിവർക്കാണ് നൽകുന്നത്. വരോട് സ്വദേശി ഖാദർ നൽകിയ അഞ്ച് സെന്റിൽ 620 ചതുരശ്രയടിയിലാണ് നിർമ്മിച്ചത്.
300 അപേക്ഷകൾ
ഡിസംബറോടെ എല്ലാ ജില്ലകളിലും ഓരോ മാജിക് ഹോമുകളൊരുക്കുകയാണ് ലക്ഷ്യം. കാസർകോട്, ഇടുക്കി, മലപ്പുറം, വയനാട്, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ വീടുകൾ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് നൽകി. 300 അപേക്ഷകരിൽ നിന്നാണ് തിരഞ്ഞെടുത്തത്.
'തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഭിന്നശേഷിക്കനുസൃതമായ സൗകര്യങ്ങളാണ് മാജിക് ഹോമിൽ ഒരുക്കുക. മറ്റ് സംഘടനകളും ഈ മാതൃക പിന്തുടരുമെന്നാണ് വിശ്വാസം".
- ഗോപിനാഥ് മുതുകാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |