SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

കളിച്ചുനടക്കേണ്ട പ്രായത്തിൽ വീട്ടിൽ സ്വന്തമായി ന്യൂക്ളിയർ റിയാ‌ക്‌ടറുണ്ടാക്കി, പിന്നാലെ തേടിയെത്തി ഗിന്നസ് അധികൃതർ

Increase Font Size Decrease Font Size Print Page
nuclear-reactor

ഡാലസ്: രാവിലെ ട്യൂഷനും സ്‌കൂളും വൈകിട്ട് ഫുട്ബോൾ പോലെയുള്ള ഇഷ്‌ടമുള്ള കളികൾ, രാത്രി പഠനവും ഉറക്കവും. ഒരു 12 വയസുകാരൻ വിദ്യാർത്ഥിയുടെ സാധാരണ ജീവിതം ഇങ്ങനെയെല്ലാമാകും. എന്നാൽ ഈ ചെറുപ്രായത്തിൽ വീട്ടിൽ സ്വന്തം കളിസ്ഥലത്ത് ന്യൂക്ളിയർ റിയാക്‌ടറുണ്ടാക്കി ഞെട്ടിച്ചിരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ. അമേരിക്കയിലെ ടെക്‌സാസിലെ എയ്‌ഡൻ മക്‌മില്ലൻ എന്ന കുട്ടിയാണ് ഗവേഷണ വിദ്യാർത്ഥികൾ പോലും സ്വപ്‌നം കാണുന്ന പദ്ധതി സ്വന്തം വീട്ടിൽ തയ്യാറാക്കിയെടുത്തത്.

ഡാലസ് ഇൻഡിപെൻഡന്റ് സ്‌കൂൾ ഡിസ്‌ട്രിക്‌ടിലെ ഏഴാം ഗ്രേഡ് വിദ്യാർത്ഥിയാണ് എയ്‌ഡൻ. ഈ കുഞ്ഞുപ്രായത്തിൽ ന്യൂക്‌ളിയർ ഫിസിക്‌സിന്റെ വമ്പൻ ലോകത്തേക്ക് ഇറങ്ങിവന്നിരിക്കുകയാണ് എയ്‌ഡൻ. ന്യൂക്ളിയർ ഫ്യൂഷൻ റിയാ‌ക്‌ടർ തയ്യാറാക്കാൻ എയ്‌ഡന് നാല് വർഷത്തെ പഠനം വേണ്ടിവന്നു. അതായത് വെറും എട്ട് വയസുള്ളപ്പോഴാണ് റിയാക്‌ടർ നിർമ്മിക്കാൻ എയ്‌ഡന് മോഹം ഉണ്ടായത്. നാല് വർഷം നിരന്തരം ഗവേഷണവും റിയാ‌ക്‌ടർ ഘടകങ്ങൾ യോജിപ്പിക്കാനും എയ്‌ഡൻ ചെലവഴിച്ചു.

എട്ടാം വയസിൽ ന്യൂക്ളിയർ ഫ്യൂഷന്റെ കുഴപ്പിക്കുന്ന സിദ്ധാന്തങ്ങളോട് എയ്‌ഡന് ആകർഷണം തോന്നി. കുട്ടിയുടെ ആഗ്രഹം ശക്തമായതോടെ പടിഞ്ഞാറൻ ഡാലസിലെ മേക്കർസ്‌പേസ് സംരംഭമായ ലോഞ്ച്‌പാഡ് സഹായത്തിനെത്തി. റിയാ‌ക്‌ടറുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ജോലികൾക്ക് അവർ സഹായിച്ചു.

നാല് വർഷം പരീക്ഷണം നടത്തിയതിൽ ആദ്യ രണ്ട് വർഷം എയ്‌ഡൻ ഭൗതികശാസ്‌ത്രത്തിലെ സിദ്ധാന്തങ്ങൾ പഠിച്ചെടുത്തു. ഈ സമയം ഒരു പരീക്ഷണവും ആരംഭിച്ചില്ല പഠനം തന്നെയായിരുന്നു പൂർണസമയം. ശേഷമാണ് ന്യൂക്ളിയർ ഫ്യൂഷൻ നടത്തുന്ന പരീക്ഷണം കുട്ടി തുടങ്ങിയത്.

എയ്‌ഡന്റെ അമ്മ പദ്ധതിയുടെ സുരക്ഷയെ കുറിച്ചും മറ്റും ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ അമ്മയുടെ ഭയമെല്ലാം തന്റെ ഈ വിഷയത്തിലെ അറിവുപയോഗിച്ച് എയ്‌ഡൻ മാറ്റിയെടുത്തു. ആദ്യ പരീക്ഷണ ഘട്ടങ്ങളിൽ ചില പരാജയങ്ങളൊക്കെയുണ്ടായി. എന്നാൽ ഇവ ഓരോന്നും കുട്ടി പരിഹരിച്ചു. വൈകാതെ പരീക്ഷണം നടത്തി ന്യൂട്രോണുകളെ ഉൽപാദിപ്പിച്ചു. രണ്ട് ലഘു ആറ്റോമിക് ന്യൂക്ളിയസുകളെ ചേർത്ത് ധാരാളം ഊർജം ഉൽപാദിപ്പിക്കുന്ന വലിയൊരു ന്യൂക്ളിയസിന് രൂപം നൽകുന്ന പ്രക്രിയയാണ് ന്യൂക്ളിയർ ഫ്യൂഷൻ.

ആണവ മാലിന്യങ്ങളില്ലാതെ ദീർഘനാൾ നിലനിൽക്കുന്ന ശുദ്ധമായ ഊർജ്ജം ഉണ്ടാക്കുന്നതിന് ഈ പ്രക്രിയ വഴി കഴിയും. ഇതിലാണ് എയ്‌ഡൻ വിജയിച്ചത്. എയ്‌ഡന്റെ കണ്ടെത്തൽ ഗിന്നസ് ബുക്ക് അധികൃതരും ശ്രദ്ധിച്ചു. തന്റെ ഈ രംഗത്തെ ഗവേഷണം തുടരാൻ തന്നെയാണ് എയ്‌ഡന്റെ തീരുമാനം.

TAGS: NEWS 360, AMERICA, STUDENT, NUCLEAR REACTOR, IN HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY