
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. ചൂടിലെ വർദ്ധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിന് വരെ കാരണമാകാനുമിടയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന അന്തരീക്ഷ ഈർപ്പം മൂലമുള്ള അത്യുഷ്ണം അനുഭവപ്പെടുകയും ഉഷ്‌ണതരംഗ സമാന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നത് കണക്കിലെടുത്താണ് കാലാവസ്ഥാ വകുപ്പിന്റെ നിർദേശം.
നാല് ജില്ലകളിലെ ചില പ്രദേശങ്ങളിൽ അൾട്രാവയലറ്റ് സൂചിക ഉയർന്നത് കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇവിടെ എട്ട് ആണ് അൾട്രാവയലറ്റ് സൂചിക.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു.
പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജല ഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |