SignIn
Kerala Kaumudi Online
Monday, 27 April 2026 4.00 PM IST

മദ്ധ്യവേനലവധിയുടെ സമയം മാറ്റണോ?​ ആവശ്യവുമായി രക്ഷാകർത്താക്കളും അദ്ധ്യാപകരും

Increase Font Size Decrease Font Size Print Page
children

പൊതു വിദ്യാലയങ്ങളുടെ അവധിക്കാലം കേരളമടക്കം മിക്ക തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഏപ്രിൽ, മേയ് മാസങ്ങളിലാണ്. ജൂൺ, ജൂലായ് മാസക്കാലത്തേക്ക് പൊതു അവധി മാറ്റുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞവർഷം ഒരു പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മേയ്-ജൂൺ എന്ന ആശയവും ഉയ‌ർന്നുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

രാജ്യത്ത് ആദ്യമായി തെക്ക് പടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുന്ന പ്രധാന സംസ്ഥാനം കേരളമാണല്ലോ. ഇക്കാലയളവിൽ ശക്തമായ മഴ കാരണം പലപ്പോഴും സ്‌കൂളുകൾക്ക് വ്യാപകമായി അവധി നൽകേണ്ടി വരുന്നതിനാലാണ് മന്ത്രി ഇത്തരമൊരു ചിന്ത മുന്നോട്ടുവച്ചത്. സ്‌കൂൾ പഠനം മുടങ്ങാതിരിക്കുക എന്ന ആശയം മുന്നോട്ടുവച്ചാണ് മന്ത്രി ചർച്ചയ്‌ക്ക് തുടക്കമിട്ടത്. കുട്ടികൾ മഴക്കാലത്ത് വീട്ടിലിരിക്കുന്നതാണ് നല്ലത് എന്ന ആശയം ഒരുവിഭാഗം രക്ഷാകർത്താക്കൾ ഈ സമയം ശരിവച്ചു. എന്നാലിത് വിശാലമായ ചർച്ചയിലേക്ക് പോയപ്പോൾ കുട്ടികൾ തന്നെയാണ് ആദ്യം എതി‌ർത്തത്.

മദ്ധ്യവേനലവധിക്ക് പാഠ്യേതരമായ നിരവധി കാര്യങ്ങൾ പഠിക്കുന്നതിനും പുതിയ നാടുകളും സൗഹൃദവുമെല്ലാം സ്ഥാപിക്കാൻ യാത്ര പോകുന്നതിനുമെല്ലാമാണ് കുട്ടികൾ ഇഷ്‌ടപ്പെടുന്നത്. മഴക്കാലത്ത് ഇവയൊന്നും നടക്കില്ലല്ലോ. ഏപ്രിൽ,​ മേയ് മാസങ്ങളിൽ ജലദൗർലഭ്യമുള്ള വേനൽകാലമായതിനാൽ അപ്പോൾ ക്ളാസുകൾ നടത്തുന്നത് ഉചിതമല്ല എന്നാണ്‌ അദ്ധ്യാപകരും പറഞ്ഞത്. മാത്രമല്ല സ്‌കൂളുകൾക്ക് അറ്റകുറ്റപണി മഴയില്ലാത്ത കാലയളവിലാണ് നടത്തേണ്ടത്. മഴക്കാലത്ത് അവധി നൽകിയാൽ ഇത് നടക്കില്ല. ഇനി കുട്ടികളുടെ കാര്യം നോക്കിയാൽ മഴക്കാലത്ത് ചെറുതോടുകൾ വരെ നിറഞ്ഞുകവിയും ആ സമയം കുട്ടികൾ അവയിലിറങ്ങിയാൽ അബദ്ധം സംഭവിക്കുമെന്നതിൽ സംശയമില്ല. തുടർന്ന് തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ജനാഭിപ്രായം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞതോടെയാണ് ഈ വിഷയത്തിലെ ചർച്ച അവസാനിച്ചത്.

schools

എന്നാൽ ഇത്തവണ ഇതേവിഷയം രാജ്യത്ത് മ‌റ്റ്‌ പലയിടത്തും വീണ്ടും മുഴങ്ങികേട്ടുതുടങ്ങി. അന്തരീക്ഷതാപം കൂട്ടുന്ന എൽ നിനോ എന്ന പ്രതിഭാസം എത്തുന്നതിനെ തുടർന്ന് രാജ്യത്ത് മഴ കുറയുമെന്ന മുന്നറിയിപ്പ് നേരത്തെ വന്നിരുന്നു. മേയ് ആദ്യം മുതൽ ജൂലായ് വരെയുള്ള സമയത്ത് എൽ നിനോ പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്. ഇതിന് മുന്നോടിയായി ശക്തമായ ഉഷ്‌ണതരംഗം രാജ്യത്ത് ഇപ്പോൾ എത്തിയിരിക്കുകയാണ്.

ഉഷ്‌ണതരംഗത്തിൽ ഉരുകുകയാണ് ഇന്ത്യ ഇപ്പോൾ. ലോകത്ത് ചൂടേറിയ 100 നഗരങ്ങളെടുത്താൽ അതിൽ 95ഉം ഇപ്പോൾ ഇന്ത്യയിലാണ് എന്നതാണ് അവസ്ഥ. മഞ്ഞ, ഓറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാൾ, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ഈ സമയത്തും ഇപ്പറഞ്ഞ സംസ്ഥാനങ്ങളിൽ പലയിടത്തും സ്‌കൂളുകൾക്ക് പ്രവർത്തി ദിവസമാണ്. മേയ് പകുതി മുതൽ ജൂലായ് വരെയാണ് ഉത്തരേന്ത്യയിൽ പലയിടത്തും വേനലവധികാലം. ഉഷ്‌ണതരംഗ പശ്ചാത്തലത്തിൽ ഈ അവധി നേരത്തെയാക്കണം എന്നാണ് പല രക്ഷകർത്താക്കളുടെയും ആവശ്യം.

2022 മുതൽ ഉത്തരേന്ത്യയിൽ മദ്ധ്യവേനലവധിയ്‌ക്ക് നീളം കൂടുതലാണ്. കാരണം കാലാവസ്ഥയിലെ വലിയ മാറ്റങ്ങൾ തന്നെയാണ്. കാലാവസ്ഥ രാജ്യത്ത് കഴിഞ്ഞ കുറച്ചുവർഷങ്ങളായി വലിയ നാശംതന്നെ വരുത്തുന്നുണ്ടെന്നും വേനൽ അവധിക്കാലം മാറ്റണമെന്ന ആവശ്യം പ്രായോഗികമായി പരിഗണിക്കണമെന്നും പല സ്‌കൂൾ പ്രിൻസിപ്പൽമാർ വരെ ആവശ്യപ്പെടുകയാണ്. 2022 മുതൽ രാജ്യത്ത് പത്ത് സംസ്ഥാനങ്ങളെങ്കിലും ഉഷ്‌ണതരംഗം കാരണം നേരത്തെ മദ്ധ്യവേനലവധി നൽകുകയാണ്.

ഏപ്രിൽ അവസാന ആഴ്‌ചയായപ്പോഴേ വടക്കേ ഇന്ത്യയിൽ പലയിടത്തും അന്തരീക്ഷ താപനില 40 ഡിഗ്രിയ്‌ക്ക് മുകളിലാണ്. ഈ സമയം പുറത്തിറങ്ങിയാൽ സൂര്യാതപം പോലെയുള്ള പ്രശ്‌നങ്ങൾക്കോ സൂര്യാഘാതം പോലെയുള്ളവ ഉണ്ടാകാനോ ഇടയാകും. അതിനാൽ സംസ്ഥാന സർക്കാരുകൾ ഈ മാറുന്ന സാഹചര്യം മനസിലാക്കണം എന്നാണ് പലരും പറയുന്നത്. എന്നാൽ രാജ്യ‌ത്തെ‌ സ്‌കൂൾ കലണ്ടറുകൾ പ്രകാരം വർഷത്തിൽ‌ നിശ്ചിത ദിവസം പ്രവർത്തിദിവസമുണ്ടാകേണ്ടതാണ്. ഉഷ്‌ണതരംഗത്തിന്റെ പേരിൽ സ്‌കൂളുകളടയ്‌ക്കുന്നത് കുട്ടികൾക്കും അദ്ധ്യാപകരടക്കം മുതിർന്നവർക്കും ആശ്വാസമാകും. എന്നാൽ സ്‌കൂളുകളുടെ പ്രവർത്തന ഘടനയെ അത് സാരമായി ബാധിക്കും എന്ന് കരുതുന്നവരുണ്ട്.

ഉഷ്‌ണതരംഗത്തെ തുടർന്ന് സംസ്ഥാനത്തും മതിയായ മുൻകരുതൽ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെഷ്യൽ ക്ളാസുകളോ ട്യൂഷനോ അടക്കം ഒന്നും നടത്തുന്നതിന് സംസ്ഥാനത്ത് അനുമതിയില്ല. കുട്ടികളുടെ ആരോഗ്യത്തെ അത്യുഷ്‌ണം സാരമായി ബാധിക്കും എന്നതിനാലാണിത്. കുട്ടികൾക്ക് പുറമേ മുതി‌ർന്നവരും ശ്രദ്ധ പുലർത്തണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. കൊവിഡ് കാലത്തെ ലോക്‌ഡൗണിന് സമാനമായി ജനങ്ങൾ സ്വയം ലോക്‌ഡൗൺ ചെയ്യണം എന്നാണ് സർക്കാർ മുന്നറിയിപ്പ്. പകൽ 11 മണി മുതൽ 3 മണിവരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം വെയിലേൽക്കുന്നതും ഒഴിവാക്കണമെന്നും ചൂടിലെ വർദ്ധന ആരോഗ്യപ്രശ്‌നങ്ങൾക്കും ശ്രദ്ധിച്ചില്ലെങ്കിൽ മരണത്തിന് വരെയും കാരണമാകും എന്നാണ് മുന്നറിയിപ്പ്.

TAGS: SUMMER VACATION, HEATWAVE, HUMID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.