വയനാട്: കടബാദ്ധ്യതയെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. വയനാട് തിരുനെല്ലി അരണപ്പാറയിൽ പി കെ തിമ്മപ്പൻ(50) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച വീടുവിട്ട് പോയ തിമ്മപ്പനെ ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും തിമ്മപ്പന് കടബാദ്ധ്യതയുണ്ടായിരുന്നതായാണ് ബന്ധുക്കൾ അറിയിക്കുന്നത്. 10 ലക്ഷത്തോളം രൂപയുടെ ബാദ്ധ്യതയുള്ളതായാണ് വിവരം. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.
അതേസമയം മേയ് ആദ്യവാരം ജില്ലയിൽ കർഷക ആത്മഹത്യ റിപ്പോർട്ട് ചെയ്തിരുന്നു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ ( 49) ആണ് കടബാദ്ധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. വിഷം കഴിച്ച് അവശനിലയിലായ ദേവസ്യയെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
കേരള ബാങ്കിന്റെ വയനാട് ജില്ലയിലെ തരിയോട് ബ്രാഞ്ചിൽ ഒരു ലക്ഷം രൂപയുടെയും തരിയോട് സർവീസ് സഹകരണ ബാങ്കിൽ 50,000 രൂപയുടെയും കാർഷിക കടമുണ്ട്. കൂടാതെ സ്വർണപ്പണയ വായ്പ, ഭൂപണയ വായ്പ, ചിട്ടി വിളിച്ചെടുത്തതിൽ അടയ്ക്കാനുള്ള അമ്പതിനായിരത്തോളം രൂപ എന്നിങ്ങനെ മൊത്തം ഒമ്പത് ലക്ഷത്തോളം രൂപ കടമുണ്ട്. വ്യക്തിപരമായി വായ്പ വാങ്ങിയ ഇനത്തിലും ബാദ്ധ്യതകളുണ്ട്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ കൃഷിനാശവും, കാർഷിക ഉത്പന്നങ്ങൾക്ക് വില ലഭിക്കാതിരുന്നതും ദേവസ്യയെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയതായി സുഹൃത്തുക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |