
തിരുവനന്തപുരം: വന്യജീവി സംഘർഷം ലഘൂകരിക്കാൻ തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്ന മധുവനം പദ്ധതിയുമായി വനംവകുപ്പ്. വനാശ്രിത വിഭവങ്ങളുടെ സുസ്ഥിര വികസനം കൂടി ലക്ഷ്യമാക്കിയാണ് വനാതിർത്തികളിലും ആദിവാസി ഉന്നതികളിലും പദ്ധതി നടപ്പാക്കുന്നത്.
വിവിധ കമ്പനികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് കൂടുകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ നെയ്യാർ വന്യജീവി സങ്കേതത്തിലെ ഉന്നതികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.
ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും തേനീച്ച കൂടുകൾ സ്ഥാപിക്കുന്നതുവഴി കാട്ടാന അടക്കമുള്ള വന്യജീവികൾ കാടിറങ്ങുന്നത് തടയാനാകുമെന്നാണ് വിലയിരുത്തൽ. കാട്ടാനയെ പ്രതിരോധിക്കാൻ തേനീച്ചകളുടെ വ്യാപനം ഫലപ്രദമാണെന്ന് നേരത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ആദിവാസികൾക്കും വനാതിർത്തിയിലുള്ള കർഷകർക്കും സുസ്ഥിര വരുമാനം, കാർഷിക സമൃദ്ധി, പോഷക സമൃദ്ധി എന്നിവ ലഭ്യമാക്കാനുമാകും.
നെയ്യാറിൽ 150 തേനീച്ച കൂടുകൾ
ആദ്യഘട്ടത്തിൽ സംസ്ഥാന ഹോർട്ടിക്കോർപ്പിൽ നിന്ന് ലഭ്യമാക്കിയിട്ടുള്ള 150 തേനീച്ച കൂടുകളാണ് സ്ഥാപിക്കുന്നത്. നെയ്യാർ വന്യജീവി സങ്കേതത്തിൽ കൊമ്പ, ആമല, മേലെ ആമല, ആയിരംകാൽ ഉന്നതികളിലാണിത്. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഒയിസ്‌ക ഇന്റർനാഷണലാണ് പദ്ധതിയുടെ പങ്കാളി. ടെക്‌നോപാർക്കിലെ ഫിനാസ്ട്ര കമ്പനിയുടെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് പ്രയോജനപ്പെടുത്തിയാണ് ഒന്നാംഘട്ടം നടപ്പാക്കുന്നത്. വിജയിച്ചാൽ കൂടുതൽ കമ്പനികളെ ഉൾപ്പെടുത്തി സംസ്ഥാന വ്യാപകമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |