
തിരുവനന്തപുരം: സംസ്ഥാനത്ത് രാസവള ക്ഷാമം രൂക്ഷമായതോടെ കർഷകർ നെട്ടോട്ടത്തിൽ. യൂറിയയും പൊട്ടാഷുമാണ് കിട്ടാതായത്. കർഷകരുടെ അടിയന്തര ആവശ്യം പരിഗണിക്കാൻ 24,985 മെട്രിക് ടൺ യൂറിയയും 21,096.4മെട്രിക് ടൺ പൊട്ടാഷും അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രസാദ് കേന്ദ്ര മന്ത്രി ജഗത് പ്രകാശ് നദ്ദയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. നെല്ല്,വാഴ,പച്ചക്കറി കൃഷികൾക്ക് സമയമായതോടെ വളം കിട്ടുമെന്നറിയാതെ പരക്കം പാച്ചിലിലാണ് കർഷകർ. നെൽക്കൃഷിക്ക് ഏക്കറിന് 15മുതൽ 20വരെ കിലോഗ്രാം യൂറിയയാണ് ആവശ്യമായിട്ടുള്ളത്. എന്നാൽ അത്രയും വളം ലഭിക്കുന്ന സ്ഥിതി ഇപ്പോഴില്ല. കൃത്യസമയത്തുള്ള വളപ്രയോഗം മുടങ്ങുന്നത് വിളകളുടെ ഉത്പാദനത്തെ വലിയരീതിയിൽ ബാധിക്കുന്നു.
കുട്ടനാട്ടിലെ നെൽക്കൃഷി മേഖലയിലടക്കം യൂറിയ ക്ഷാമം രൂക്ഷമാണ്. ഇതിനാൽ യൂറിയയ്ക്കു പകരം മറ്റുവളങ്ങൾ ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ സപ്ലൈപ്ലാൻ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്ക് വളം ലഭ്യമാകുന്നത്. ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിലായി ലഭിക്കേണ്ട യൂറിയയുടെ 42%വും പൊട്ടാഷിന്റെ 53%വും മാത്രമേ ലഭ്യമായിട്ടുള്ളൂ. ഡൈ അമോണിയം ഫോസ്ഫേറ്റ്,സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് എന്നീ വളങ്ങളും ആവശ്യകതയുടെ 6.6ശതമാനം 31ശതമാനം എന്നിങ്ങനെ മാത്രമാണ് ലഭ്യമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |