കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെ എസ് യുവിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. യുണിറ്റ് വെെസ് പ്രസിഡന്റ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണ്. ഇതിന് പിന്നിൽ ഇടതുപക്ഷ അദ്ധ്യാപക അനദ്ധ്യാപക വിദ്യാർത്ഥി സംഘടനകളുടെ ഗൂഢലോചനയുണ്ടെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകുമെന്നും സ്വതന്ത്ര അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ധ്യാപകൻ അപമാനിക്കപ്പെട്ടെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ധ്യാപകനൊപ്പമാണ് കെ എസ് യു എന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു ഇതിൽ മഹാരാജാസ് കോളേജിലെ കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലും ഉൾപ്പെട്ടിരുന്നു.
ബി എ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ ക്ളാസ് റൂമിനുള്ളിൽ അപമാനിച്ചത്. അദ്ധ്യാപകൻ ക്ളാസിലുള്ളപ്പോൾ വിദ്യാർത്ഥികൾ ഫോൺ നോക്കിയിരിക്കുന്നതും കസേര വലിച്ചുമാറ്റുന്നതും അടങ്ങുന്ന വീഡിയോയാണ് പുറത്തു വന്നത്. അദ്ധ്യാപകന്റെ പുറകിൽ നിന്ന് കളിയാക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ക്ളാസിലെ വിദ്യാർത്ഥികൾ തന്നെ ചിത്രീകരിച്ച വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തു വന്നതിന് പിന്നാലെ വലിയ വിമർശനമുയർന്നിരുന്നു. ഇതി്ന പിന്നാലെയാണ് കോളേജ് നടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |