പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം നടത്താൻ നീക്കം. ശബരിമല ഐക്യസമിതിയും ഹിന്ദു ഐക്യവേദിയുമാണ് വിശ്വാസ സംഗമം നടത്തുന്നത്. സംഗമത്തിൽ പന്തളം കൊട്ടാരത്തെ പങ്കെടുപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ നാളെ പന്തളം കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 22നാണ് വിശ്വാസ സംഗമം നടത്തുന്നത്.
വിപുലമായ രീതിയിൽ വിശ്വാസസംഗമം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നായർ സർവീസ് സൊസൈറ്റി അടക്കം പല വിശ്വാസികളെയും ക്ഷണിക്കാൻ ആലോചിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുളള പ്രമുഖരെ സംഗമത്തിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. ബിജെപിയുടെ പൂർണപിന്തുണയോടെയാണ് സംഗമം നടത്തുന്നത്. വിശ്വാസസംഗമവുമായി ബന്ധപ്പെട്ടുളള വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഹിന്ദു ഐക്യവേദി പ്രതിനിധി ആർ വി ബാബു പറയുന്നത്.
അതേസമയം, സർക്കാരിന്റെ നേതൃത്വത്തിലുളള ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ 20ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അയ്യപ്പസംഗമത്തിൽ യുഡിഎഫ് പങ്കെടുക്കില്ലെന്നാണ് വിവരം. ആഗോള അയ്യപ്പസംഗമത്തിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞതിനാലാണ് സംഗമവുമായി സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |