തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വച്ചതോടെ പാർട്ടിയിൽ പോര് കനക്കുന്നു. അടുത്ത യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ആരാകുമെന്നാണ് പാർട്ടിയിലെ ചർച്ച. അദ്ധ്യക്ഷ സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് ഉമ്മൻചാണ്ടി ബ്രിഗേഡും രംഗത്തെത്തിയിരിക്കുകയാണ്. കെഎസ്‌യു മുൻ പ്രസിഡന്റ് കെ എം അഭിജിത്ത്, വിഷ്ണു സുനിൽ പന്തളം എന്നിവർക്കായാണ് ഉമ്മൻചാണ്ടി ബ്രിഗേഡ് രംഗത്തെത്തിയത്.
അദ്ധ്യക്ഷന്റെ നിയമനം സംസ്ഥാന കമ്മിറ്റിയിൽ നിന്നല്ലെങ്കിൽ കെ എം അഭിജിത്തിനാണ് ഉമ്മൻചാണ്ടി ബ്രിഗേഡിന്റെ പിന്തുണ. ഇതിനൊപ്പം തന്നെ വിഷ്ണു സുനിൽ പന്തളത്തിന്റെ പേരും സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി ബ്രിഗേഡ് ഉന്നയിക്കുന്നുണ്ട്. രാഹുലിന് പകരമാകുന്നത് ഈ രണ്ട് പേരിൽ ഒരാളായിരിക്കണമെന്ന നിലപാടാണ് ഉമ്മൻചാണ്ടി ബ്രിഗേഡ് മുന്നോട്ടുവച്ചിരിക്കുന്നത്.
അതേസമയം, യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ആരാകുമെന്ന ചർച്ച പാർട്ടിയിലും സജീവമായി തുടരുകയാണ്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, നിലവിലെ വൈസ് പ്രസിഡന്റ് അബിൻ വർക്കി,കെ എം അഭിജിത്ത് എന്നിവർക്കുവേണ്ടിയാണ് തുടക്കം മുതൽക്കേ ഗ്രൂപ്പിൽ നീക്കങ്ങൾ നടക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പക്ഷം ബിനു ചുള്ളിയിലിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ താൽപര്യം അബിൻ വർക്കി അദ്ധ്യക്ഷ സ്ഥാനത്തെത്തണമെന്നാണ്. മുൻ സംഘടനാ തിരഞ്ഞെടുപ്പിൽ അബിൻ വർക്കിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു എന്ന വാദമാണ് ചെന്നിത്തല പക്ഷം ഉയർത്തുന്നത്. എം കെ രാഘവൻ എംപിയും എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് ആദ്യ ഘട്ടത്തിൽ കെ എം അഭിജിത്തിനെ പിന്തുണച്ചത്. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് വരട്ടെയെന്നും ചില നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനിടയിലേക്കാണ് ഉമ്മൻചാണ്ടി ബ്രിഗേഡും കെ എം അഭിജിത്തിനായി സജീവമായി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |