തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ അകാരണമായി കുന്നംകുളം പൊലീസ് മർദ്ദിച്ച സംഭവത്തിൽ പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സുജിത്തിന്റെ പോരാട്ടത്തിന് നാട് പിന്തുണ കൊടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം
പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പൊലീസിന്റെ ക്രൂര മർദ്ദനങ്ങൾക്ക് ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്. സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും.
കുന്നംകുളം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്താണ് ക്രൂരമർദ്ദനത്തിനിരയായത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വഴിയരികിൽ നിന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ ഡിഐജി ഹരിശങ്കർ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. കോടതി ഉത്തരവിനുശേഷം തുടർനടപടിയാകാമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. യുവാവിനെ കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുളളൂവെന്നാണ് റിപ്പോർട്ടിലുളളത്. പരാതി ഉയർന്ന അന്നുതന്നെ നടപടിയെടുത്തെന്നും നാല് ഉദ്യോഗസ്ഥരുടെയും രണ്ട് വർഷത്തേക്കുളള ഇൻക്രിമെന്റ് റദ്ദാക്കിയെന്നും സ്ഥലം മാറ്റമടക്കമുളള നടപടി സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |