വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ആഗോള തൊഴിൽ ഭൂപടത്തിൽ ലോജിസ്റ്റിക്സ്, സപ്ലൈചെയിൻ, ഹോസ്പിറ്റാലിറ്റി, വാണിജ്യ മേഖലകളിൽ അനന്ത സാദ്ധ്യതകൾ കൈവരിക്കും. സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, യന്ത്രവത്കരണം എന്നിവയിൽ വിഴിഞ്ഞത്തിന് ഏറെ പ്രത്യേകതകളുണ്ട്. വരുന്ന അഞ്ചുവർഷത്തിൽ പ്രത്യക്ഷമായും പരോക്ഷമായും അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സംസ്ഥാനത്ത് വരും. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ തുറമുഖ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകൾക്ക് ചേരാൻ തയ്യാറാകണം.
അനന്ത സാദ്ധ്യതകൾ
ലോകത്ത് ഉപരിതല, വ്യോമഗതാഗതത്തെ അപേക്ഷിച്ച്, കടൽവഴിയുള്ള ഗതാഗതത്തിനും ചരക്കു നീക്കത്തിനും 75 ശതമാനത്തോളം അധിക സാദ്ധ്യതകളുണ്ട്. ഇതിലൂടെ നിരവധി ടെക്‌നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽ തല തൊഴിലുകൾ രൂപപ്പെടും. മാരിടൈം മേഖലയിൽ സാങ്കേതികവിദ്യ, മാനേജ്മെന്റ്, സ്കിൽ വികസനം എന്നിവ കൈവരിച്ചവരുടെ വലിയ ക്ഷാമം നിലനിൽക്കുന്നു. ഈ രംഗത്ത് തൊഴിൽ നൈപുണ്യമുള്ളവരുടെ എണ്ണം ആവശ്യകതയുടെ ഒരുശതമാനത്തിൽ താഴെ മാത്രമാണ്. ഐ.ടി.ഐ, ഡിപ്ലോമ, എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് സാങ്കേതിക മേഖലയിൽ യഥേഷ്ടം അവസരങ്ങൾ ലഭിക്കും. ലോജിസ്റ്റിക് മാനേജ്‌മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, മാരിടൈം എൻജിനിയറിംഗ്, ഷിപ്പ് ബിൽഡിംഗ്, നേവൽ ആർക്കിടെക്ചർ, പോർട്ട് മാനേജ്മെന്റ്, നോട്ടിക്കൽ സയൻസ്, മാരിടൈം കോഴ്സുകൾ, മെക്കാനിക്കൽ എൻജിനിയറിംഗ്, ഐ.ടി, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ് പൂർത്തിയാക്കിയവർക്ക് നിരവധി തൊഴിലവസരങ്ങളാണ് വിഴിഞ്ഞം പോർട്ടിൽ വരാനിരിക്കുന്നത്.
കോഴ്സുകൾ വരും
ഉദ്യോഗാർത്ഥികൾക്ക് ആഗോള തലത്തിൽ വിദേശ, ഇന്ത്യൻ ഷിപ്പിംഗ്, ഹോസ്പിറ്റലിറ്റി കമ്പനികളിൽ അവസരങ്ങൾ ലഭിക്കും. അക്കൗണ്ടിംഗ്, മാനേജ്‌മെന്റ്, ബിസിനസ് എക്കണോമിക്സ്, ഡേറ്റാ മാനേജ്‌മെന്റ്, അനലിറ്റിക്‌സ്, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാപാര വിനിമയ കോഴ്‌സുകൾ, ഫിഷറീസ് ടെക്നോളജി, സംസ്കരണം വിപണനം, ഗുണനിലവാരം ഉറപ്പുവരുത്തൽ, കയറ്റുമതി എന്നിവയിൽ മികച്ച അവസരങ്ങൾ ലഭിക്കും. ഇതു മനസിലാക്കി മാരിടൈം യൂണിവേഴ്സിറ്റി കോഴ്സുകൾ വിഴിഞ്ഞത്താരംഭിക്കും. ഏതു യോഗ്യതയുള്ളവർക്കും ലഭിക്കാവുന്ന തൊഴിലുകൾ ഇവിടെയുണ്ടാകും. തുറമുഖത്തിനു ചുറ്റുമുള്ള മേഖലയിൽ വിദ്യാർത്ഥികൾക്ക് ഉപരിപഠന, സ്‌കിൽ വികസന സൗകര്യങ്ങളുണ്ടാകും.
കോഴ്സുകൾ നിരവധി
ഓസ്‌ട്രേലിയയിലും യൂറോപ്യൻ രാജ്യങ്ങളിലും കാനഡയിലും അമേരിക്കയിലും മികച്ച തൊഴിലവസരങ്ങൾ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്, സാങ്കേതിക മേഖലയിലാണുള്ളത്. മാരിടൈം നിയമം, ഫിഷറീസ് ആൻഡ് ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ്, നോട്ടിക്കൽ സ്റ്റഡീസ്, കാലാവസ്ഥ വ്യതിയാനം, പോർട്ട് മാനേജ്‌മെന്റ്, പോർട്ട് ഓപ്പറേഷൻസ്, മാരിടൈം സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ബി.ബി.എ, എം.ബി.എ പ്രോഗ്രാമുകൾ തുടങ്ങി 10,12 ക്ലാസ് പഠനം പൂർത്തിയാക്കിയവർക്കും ബിരുദധാരികൾക്കും ചേരാവുന്ന നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട്. ബിരുദധാരികൾക്ക് ചെയ്യാവുന്ന നിരവധി പി.ജി, ഓൺലൈൻ കോഴ്സുകളുമുണ്ട്. സുസ്ഥിര വികസനത്തിൽ ഏറെ ഗവേഷണ സാദ്ധ്യതകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |