തിരുവനന്തപുരം: വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് മാസം മൂന്ന് പിന്നിട്ടിട്ടും ഒരാൾക്ക് പോലും നിയമനമായില്ല. നിയമനത്തിനായി മുൻ റാങ്ക് ലിസ്റ്റിലുള്ളവർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. പുതിയ വനിതാ സി.പി.ഒ ലിസ്റ്റ് നിലവിൽ വന്നിട്ട് ഇതുവരെയും ഒരൊഴിവുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
വനിതാ സിവിൽ പൊലീസ് ഓഫീസറുടെ പുതിയ റാങ്ക് ലിസ്റ്റ് , മുൻ ലിസ്റ്റിനെക്കാൾ പകുതിയിലും താഴെയാക്കി വെട്ടിച്ചുരുക്കിയിരുന്നു. ഒരു വർഷമാണ് കാലാവധി. റാങ്ക്പട്ടികയിൽ 370 പേരാണുള്ളത്. മുഖ്യപട്ടികയിൽ 276 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 94 പേരും. ഏപ്രിൽ 21-ന് പ്രാബല്യത്തിൽ വന്ന റാങ്ക് ലിസ്റ്റിന് ഇനി ഒൻപതുമാസമേയുള്ളൂ. അടുത്ത റാങ്ക് ലിസ്റ്റിന് വേണ്ടിയുള്ള പരീക്ഷ കഴിഞ്ഞ ദിവസം നടന്നിരുന്നു. 1,54,114 പേരായിരുന്നു അപേക്ഷകരെങ്കിലും 76,945 പേരാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു വിജ്ഞാപനം. മുൻപത്തെ റാങ്ക്പട്ടികയിൽ 967 പേരുണ്ടായിരുന്നതിൽ 361 പേർക്ക് നിയമനശുപാർശ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |