കോഴിക്കോട്: പോസ്റ്റൽ വോട്ടുകൾ തിരുത്തി ഇടതുപക്ഷം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന്റെ പ്രസ്താവന ഗൗരവതരമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
'ഇൻഡി സഖ്യം ഇവിഎമ്മിനെ എന്തിനാണ് എതിർക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലായി. പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിന്റെ അവസ്ഥ. ബാലറ്റ് പേപ്പറുണ്ടായിരുന്നപ്പോൾ ഇതുപോലെയുള്ള കൃത്രിമങ്ങൾ കാണിച്ചും കള്ളവോട്ട് ചെയ്തുമാണ് സിപിഎം ജയിച്ചത്. അത് നടക്കാതെയായപ്പോഴാണ് അവർ ഇവിഎമ്മിനെ എതിർത്തു തുടങ്ങിയത്.
കോൺഗ്രസും ഇതൊക്കെ തന്നെയായിരുന്നു ചെയ്തുവന്നത്. ഇവിഎം തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ അവസാനിപ്പിച്ചതാണ് ഇൻഡി മുന്നണിയെ അസ്വസ്ഥമാക്കുന്നത്. എന്നാൽ തപാൽ വോട്ടിൽ കോൺഗ്രസും സിപിഎമ്മും ഇപ്പോഴും ക്രമക്കേട് നടത്തുന്നുണ്ട്. അതിന് ചില ഉദ്യോഗസ്ഥരുടെ പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്. ജി.സുധാകരന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണം. സിപിഎമ്മിൻ്റെ ജനാധിപത്യവിരുദ്ധത തുറന്നു കാണിക്കുകയാണ് സുധാകരൻ ചെയ്തത്. കോൺഗ്രസ് എല്ലാ കാലത്തും അതിന് കൂട്ടുനിൽക്കുകയാണ് ചെയ്തത്'- കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, വെളിപ്പെടുത്തലിനെത്തുടർന്ന് ജി സുധാകരന്റെ പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു.അടിയന്തര നടപടി സ്വീകരിക്കാനാണ് ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥർ, ജി സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തി മൊഴിയെടുത്തു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സമ്മേളനത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് ജി സുധാകരന് കുരുക്കായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |