കണ്ണൂർ: പുതിയ ഡിജിപി നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി . മോദി സർക്കാരിന് അനഭിമതനായത് കൊണ്ടാണ് ഡിജിപി പട്ടികയിൽ ഒന്നാം പേരുകാരനായ നിതിൻ അഗർവാളിനെ പിണറായി സർക്കാർ ഒഴിവാക്കിയതെന്നും കേന്ദ്രസർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
ഡിജിപി പട്ടികയിലുള്ള പേരുകാരായ നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും മികച്ച ഉദ്യോഗസ്ഥരാണ്. നിതിൻ അഗർവാളിനെ മോദിക്കും കേന്ദ്രസർക്കാരിനും ഇഷ്ടമല്ല. അദ്ദേഹത്തെ ബിഎസ്എഫ് ഡയക്ടർ ജനറൽ സ്ഥാനത്ത് നിന്ന് നീക്കിയതും അതേ അനിഷ്ടത്തിന്റെയും അഭിപ്രായ വ്യത്യാസത്തിന്റെയും ഭാഗമാണ്. അതുതന്നെയാണ് പിണറായി സർക്കാർ നിതിൻ അഗർവാളിനെ ഒഴിവാക്കിയതിലെ അയോഗ്യത. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഉദ്യോഗസ്ഥനാണ് നിതിൻ അഗർവാളെന്നും സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.പിണറായി സർക്കാരിന് അങ്ങനെയുള്ളവരെ വേണ്ട.
പുതിയ ഡിജിപി റവാഡ ചന്ദ്രശേഖർ പ്രധാനമന്ത്രിക്ക് വേണ്ടപ്പെട്ട വ്യക്തിയാണ്. ഇന്റലിജൻസ് ബ്യൂറോ സ്‌പെഷ്യൽ ഡയറക്ടർ പദവിയും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയും വഹിച്ചിരുന്ന റവാഡ ചന്ദ്രശേഖറെ സംസ്ഥാന ഡിജിപിയായി നിയമിച്ചതിലൂടെ ബിജെപിയുമായി സിപിഎമ്മും മുഖ്യമന്ത്രിയും നടത്തിയ രണ്ടാമത്തെ ഡീലാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
സ്വന്തം തടിരക്ഷിക്കാൻ മുഖ്യമന്ത്രി കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്നു. പുതിയ ഡിജിപിയോട് വ്യക്തിപരമായി തനിക്ക് വിയോജിപ്പില്ല. പക്ഷെ അദ്ദേഹത്തിനെതിരെ സിപിഎം മുൻപ് ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്. അതെല്ലാം ശരിയെന്നാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തെ സിപിഎം വിശ്വസിപ്പിച്ചിരുന്നത്.അതിൽ നിന്ന് വ്യതിചലിച്ചതിന്റെ കാരണം ചികഞ്ഞാൽ ഇപ്പോഴത്തെ ഡിജിപി നിയമനത്തിൽ ചില ദുരൂഹത കണ്ടെത്താൻ കഴിയും.പി.ജയരാജന്റെത് സ്വാഭാവിക പ്രതികരണമാണ്. എന്നാൽ സിപിഎമ്മിലെ മറ്റുനേതാക്കൾ ഭയന്ന് പ്രതികരിക്കുന്നില്ല. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് അന്ന് റവാഡ ചന്ദ്രശേഖരനെതിരെ ഉന്നയിച്ച ആരോപണം സിപിഎമ്മിന് പറ്റിയ തെറ്റായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |