അമ്പലപ്പുഴ : അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സി.പി.എം നിയന്ത്രണത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക്, അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുള്ള മുതിർന്നനേതാവായ ജി.സുധാകരന് ക്ഷണമില്ല. സി.പി.എം ജില്ലാ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന സുശീല ഗോപാലൻ പഠനഗവേഷണ കേന്ദ്രം പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് പകൽ 2നാണ് 'അടിയന്തരാവസ്ഥ : അർദ്ധ ഫാസിസ്റ്റ് വാഴ്ചയുടെ അമ്പതാം വർഷം' എന്ന സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാറാണ് ഉദ്ഘാടകൻ.ജില്ലാ സെക്രട്ടറി ആർ.നാസർ, എച്ച്.സലാം എം.എൽ.എ എന്നിവരാണ് പ്രാസംഗികർ.
സുധാകരന്റെ വീട്ടിൽ നിന്ന് ഒരു കി.മീറ്റർ മാത്രംഅകലെയാണ് പരിപാടിയുടെ വേദി. അടിയന്തരാവസ്ഥക്കാലത്ത് എസ്.എഫ്.ഐയുടെ അഖിലേന്ത്യ വൈസ് പ്രസിഡന്റായിരുന്ന സുധാകരൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തിയതിനാണ് തടവിലായത്. 3മാസത്തെ ജയിൽവാസത്തിനു ശേഷമാണ് പുറത്തിറങ്ങിയത്.
അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നത് നേരിട്ടറിവില്ലാത്തവർ: ജി.സുധാകരൻ
പരിപാടിയെക്കുറിച്ച് തനിക്കറിവില്ലെന്ന് ജി.സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നേരിട്ടറിവ് ഇല്ലാത്തവരാണ് അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നത്. ചരിത്രത്തെക്കുറിച്ച് പഠിക്കാതെ പൊതുകാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പ്രസ്ഥാനത്തോട് നീതി പുലർത്താൻ കഴിയില്ല. കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായിരുന്ന ആരും ജീവിച്ചിരിപ്പില്ലാത്ത സാഹചര്യം വരും. ഇപ്പോഴേ ചരിത്രം ആളുകളിലേക്ക് എത്തിക്കണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |