വിവാഹ ട്രെൻഡിനെക്കുറിച്ച് യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കേരളത്തിൽ പെൺകുട്ടികൾക്ക് വിവാഹത്തിൽ ഉള്ള താല്പര്യം കുറയുകയാണെന്ന് പൊതുവെ ആളുകൾക്ക് ഇപ്പോൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഈ വിഷയത്തിൽ നടന്ന പഠനങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. പത്തുവർഷത്തിനകം അറേഞ്ച്ഡ് മാരേജ് ഒരു ന്യൂനപക്ഷം ആകുമെന്നും വിവാഹം കഴിക്കാതെ - അല്ലെങ്കിൽ സന്തുഷ്ടമല്ലാത്ത വിവാഹങ്ങളിൽ നിന്നും പുറത്തുവരുന്നവരുടെ എണ്ണവും കൂടുമെന്നും അദ്ദേഹം പറയുന്നു.
മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
പെണ്ണുങ്ങൾക്കൊന്നും കല്യാണം വേണ്ടാ...
പെണ്ണുങ്ങൾക്കൊന്നും കല്യാണം വേണ്ട എന്ന പേരിലുള്ള ഒരു വീഡിയോ ഞാൻ ഒരിക്കൽ ഷെയർ ചെയ്തിരുന്നു. അതിശയകരമായ വ്യൂസ് ആണ് അതിന് ലഭിച്ചത്.
പാട്ട് ഒരു ജീവിത യാഥാർഥ്യം പറയുകയായിരുന്നു. കേരളത്തിൽ പെൺകുട്ടികൾക്ക് വിവാഹത്തിൽ ഉള്ള താല്പര്യം കുറയുകയാണെന്ന് പൊതുവെ ആളുകൾക്ക് ഇപ്പോൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഈ വിഷയത്തിൽ നടന്ന പഠനങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.
ഒരു കണക്കിന് ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ലോകത്തിൽ അനവധി സ്ഥലങ്ങളിൽ, ജപ്പാൻ, കൊറിയ, സിംഗപ്പൂർ, ഹോങ്കോങ്ങ്, ചൈനയിലെ നഗരങ്ങളിൽ ഒക്കെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികൾ വിവാഹം നീട്ടിവെക്കുകയോ വിവാഹിതരാകാതിരിക്കുകയോ ചെയ്യുന്ന ട്രെൻഡ് ഉണ്ട്. ബ്രൂണൈയിൽ ഞാൻ താമസിച്ചിരുന്ന കാലത്ത് അവിടെയും പിൽക്കാലത്ത് ഗൾഫിലും ഉണ്ടായ സാമൂഹ്യ വിഷയം തന്നെ ആയിരുന്നു ഇത്.
ഇതിന് പല കാരണങ്ങളുണ്ട്. കേരളത്തിന്റെ സാഹചര്യത്തിൽ വിവാഹം എന്നത് പൊതുവിൽ സ്ത്രീകൾക്ക് നഷ്ടം വരുത്തുന്ന ഒരു സാമൂഹ്യ സംവിധാനമാണ്. തൊഴിൽ ഉപേക്ഷിക്കേണ്ടി വരുന്നു, തൊഴിൽ ചെയ്യുന്ന സ്ഥലം വിട്ട് മറ്റു സ്ഥലത്തേക്ക് പോകേണ്ടി വരുന്നു, കുട്ടികൾ ഉണ്ടാവുകയാണെങ്കിൽ തൊഴിൽ രംഗത്ത് നിന്നും മാറിനിൽക്കേണ്ടി വരുന്നു, കുട്ടിയെ വളർത്തുന്നതിലും വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിലും ഭൂരിഭാഗം ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരുന്നു എന്നീ കാര്യങ്ങൾ കൂടാതെ മനസികമായി ഇപ്പോഴും അവരുടെ മുൻതലമുറയിലെ അച്ഛനും അമ്മയും ശീലിച്ച രീതികൾ സ്വന്തം ജീവിതത്തിലും നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ആൺകുട്ടികളെ ബേബി സിറ്റ് ചെയ്യേണ്ടി വരുന്നു. തൊഴിൽ ഉള്ളവർക്ക് പോലും സാമ്പത്തിക സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും കൂട്ടുകൂടാനുള്ള സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെടുന്നത് മാത്രമല്ല, ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, സംഘർഷങ്ങൾ കൂടുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തെപ്പറ്റി സ്വയം തീരുമാനമെടുക്കാൻ കഴിവുള്ളവർ ഇത്തരം വിവാഹത്തിൽ നിന്നും മാറി നിന്നില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടാനുള്ളൂ.
ഇത്തവണ നാട്ടിൽ പോയപ്പൾ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ വിഷയം ചർച്ചയിൽ വന്നു. ഒന്നാമത്തെ ആൾ ഒരു മത സംഘടനയിൽ പ്രവർത്തിക്കുന്ന ആളാണ്. സമൂഹത്തിൽ വിവാഹങ്ങൾ കുറഞ്ഞുവരുന്നു എന്നത് ഒരു വിഷയമായി കണ്ട് ആ സ്ഥിതി മാറ്റാനാകുമോ എന്നൊരു ശ്രമം നടത്തി നോക്കി. വിവാഹിതരാകാൻ താല്പര്യമുള്ള യുവാക്കളോടും യുവതികളോടും രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. 140 ആൺകുട്ടികൾ രജിസ്റ്റർ ചെയ്തപ്പോൾ പെൺകുട്ടികളുടെ എണ്ണം 2 !!. പണി പാളി.
രണ്ടാമത്തെ ആളും സമൂഹത്തിൽ ഇടപെടുന്ന ആളാണ്. അദ്ദേഹം പറഞ്ഞ കാര്യവും രസകരമാണ്.
പെൺകുട്ടികളോട് ഒരു വിവാഹാലോചന പറയുമ്പോൾ അവർ ആദ്യം ആവശ്യപ്പെടുന്നത് ആൺകുട്ടികളുടെ അൺ ലോക്ക്ഡ് ആയിട്ടുള്ള സോഷ്യൽ മീഡിയ പ്രൊഫൈൽ ആണ്. അവിടുത്തെ അവരുടെ പെരുമാറ്റങ്ങളും അഭിപ്രായങ്ങളും സ്ക്രീൻ ചെയ്തിട്ടേ മറ്റെന്തും ചിന്തിക്കുന്നുള്ളൂ. സെക്സിസ്റ്റ് ആയിട്ടുള്ള, വർഗ്ഗീയവും ജാതീയവുമായ പരാമർശങ്ങൾ നടത്തുന്ന, രാഷ്ട്രീയ വിഷയത്തിലോ അല്ലാതെയോ മോശമായ ഭാഷകൾ ഉപയോഗിക്കുന്ന ആളുകളെല്ലാം ഒറ്റയടിക്ക് സ്‌ക്രീൻ ഔട്ട് ചെയ്യപ്പെടുകയാണ്. ഇത് മനസ്സിലാക്കിയ ആൺകുട്ടികൾ കല്യാണപ്രായമാകുമ്പോൾ അവരുടെ സോഷ്യൽ മീഡിയ പേജുകൾ സാനിറ്റൈസ് ചെയ്യുന്ന തിരക്കിലാണ് !! (കയ്യിലിരിപ്പ് മാറ്റുന്നില്ല കേട്ടോ).
സത്യത്തിൽ എനിക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തകളാണ് ഇതൊക്കെ. വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന ചിന്ത മാറുകയാണ്. ഇഷ്ടപ്പെടാത്തവരെയോ കുടുംബങ്ങൾ തിരഞ്ഞെടുക്കുന്നവരെയോ വിവാഹം കഴിക്കുന്ന സംവിധാനത്തെ കേരളത്തിലെ സ്ത്രീകൾ നിരസിക്കുകയാണ്.
കേരളത്തിലെ സമൂഹത്തിന്റെ പല തരത്തിലുള്ള പുരോഗതിയെ ഇപ്പോൾ പിന്നോട്ടടിക്കുന്നത് അറേഞ്ച്ഡ് മാരേജ് എന്ന അനാചാരമാണ്. ഇതിന് വലിയ ആയുസ്സില്ല എന്ന് ഞാൻ ഒരിക്കൽ എന്റെ പത്തു പ്രവചനങ്ങളുടെ കൂട്ടത്തിൽ പറഞ്ഞിരുന്നു. അന്ന് അനവധി ആളുകൾ ഇതെല്ലാ കാലത്തും നിലനിൽക്കും എന്ന അഭിപ്രായമാണ് പറഞ്ഞത്. കഴിഞ്ഞ പുതുവർഷത്തിന് അറേഞ്ച്ഡ് മാരേജുകളിൽ ഞാൻ പങ്കെടുക്കില്ല എന്ന് പറഞ്ഞപ്പോഴും ഏറെ വിമർശനങ്ങളുണ്ടായി. പക്ഷെ മാറ്റങ്ങളുടെ വേഗത കാണുമ്പോൾ എനിക്ക് തോന്നുന്നത് ഒരു പത്തുവർഷത്തിനകം അറേഞ്ച്ഡ് മാരേജ് ഒരു ന്യൂനപക്ഷം ആകുമെന്ന് തന്നെയാണ്. വിവാഹം കഴിക്കാതെ - അല്ലെങ്കിൽ സന്തുഷ്ടമല്ലാത്ത വിവാഹങ്ങളിൽ നിന്നും പുറത്തുവരുന്നവരുടെ എണ്ണവും കൂടും. അതിനി സമൂഹത്തിൽ സാധാരണ രീതിയാകും.
സമൂഹം മാറും
മുരളി തുമ്മാരുകുടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |