ന്യൂഡൽഹി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രസിഡന്റുമാരെ ബിജെപി തീരുമാനിച്ചു കഴിഞ്ഞു. ഇനി പാർട്ടിയുടെ പ്രധാന ചുമതലയിലേക്ക് ഒരു നേതാവിനെ നിയമിക്കാനുള്ള ചർച്ചയാണ് ഇപ്പോൾ ബിജെപിയിൽ നടക്കുന്നത്. ദേശീയ പ്രസിഡന്റ് സ്ഥാനത്തുള്ള ജെപി നദ്‌ദ നിലവിൽ കേന്ദ്ര ആരോഗ്യ- വളം വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുകയാണ്.
2020ൽ സ്ഥാനം ഏറ്റെടുത്ത നദ്‌ദയുടെ കാലാവധി 2023ൽ അവസാനിച്ചതാണ്. പിന്നീട് ഒരു വർഷത്തേക്ക് കൂടി പാർട്ടി അദ്ദേഹത്തിന് ചുമതല നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലായിരുന്നു ഇത്. പാർട്ടി മൂന്നാമതും അധികാരത്തിലെത്തിയതോടെ ഇപ്പോൾ പുതിയ പ്രസിഡന്റിനായുള്ള ചർച്ച ഒന്നുകൂടി ചൂടുപിടിച്ചിരിക്കുകയാണ്. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കുകയാണെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്രമന്ത്രിയടക്കം ഉള്ളവരെയാണ് ബിജെപി പരിഗണിക്കുന്നത്. ഉയർന്നുകേൾക്കുന്ന മൂന്ന് പേരുകളും ദക്ഷിണേന്ത്യയിൽ നിന്നാണ്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ, മുൻ കേന്ദ്രമന്ത്രിയായ ഡി പുരന്തരേശ്വരി, കമൽഹാസനെ പരാജയപ്പെടുത്തിയതിലൂടെ ശ്രദ്ധ നേടിയ വാനതി ശ്രീനിവാസൻ എന്നിവരെ പാർട്ടി പ്രസിഡന്റ് പദവിയിലേക്ക് കണക്കാക്കുന്നതായാണ് സൂചന.
വനിതാ വോട്ടർമാരിൽ തങ്ങളുടെ സ്വാധീനം വർദ്ധിച്ചതിനെ തുടർന്നാണ് ഇത്തവണ വനിതാ പ്രസിഡന്റിനെ പരിഗണിക്കുന്നത് എന്നാണ് വിവരം. 2023ൽ വനിതാ സംവരണ ബിൽ പാസാക്കിയതും വനിതാ രാഷ്‌ട്രപതിയെ നിയമിച്ചതും ബിജെപിയുടെ ഈ നീക്കത്തിന്റെ ഭാഗമായിരുന്നു.
നിർമ്മലാ സീതാരാമൻ
2008ൽ ബിജെപിയിലെത്തിയ നിർമ്മലാ സീതാരാമൻ ആദ്യ മോദി സർക്കാരിൽ സാമ്പത്തിക-വ്യവസായ വകുപ്പ് സഹമന്ത്രിയായി. 2017ൽ കേന്ദ്ര പ്രതിരോധ മന്ത്രിയായി. 2019ൽ ബാലാകോട്ട് തിരിച്ചടി നൽകിയ സമയം ചുമതല വഹിച്ചു. പിന്നീട് 2019ൽ രണ്ടാം മോദി സർക്കാരിൽ സാമ്പത്തിക-കോർപറേറ്റ് കാര്യ മന്ത്രിയായി. നിലവിൽ രാജ്യസഭാംഗമായ നിർമ്മല മൂന്നാം മോദി സർക്കാരിലും ഈ പ്രധാന ചുമതലകൾ വഹിച്ചുവരികയാണ്. തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ നിർമ്മല നിലവിലെ പ്രസിഡന്റ് ജെ പി നദ്‌ദയെയും ബിജെപി ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിനെയും അടുത്തിടെ കണ്ട് ചർച്ച നടത്തിയിരുന്നു.
ഡി പുരന്തരേശ്വരി
ആന്ധ്രാപ്രദേശ് ബിജെപി അദ്ധ്യക്ഷയായിരുന്ന ഡി പുരന്തരേശ്വരി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ സാദ്ധ്യത കൽപ്പിക്കുന്നവരിൽ ഒരാളാണ്. അടുത്തിടെ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യൻ നിലപാട് വിശദമാക്കാൻ കേന്ദ്ര സർക്കാർ വിദേശ രാജ്യങ്ങളിലേക്കയച്ച പ്രതിനിധി സംഘത്തിൽ ഇവരുണ്ടായിരുന്നു.
മുൻപ് കോൺഗ്രസ് നേതാവായിരുന്ന പുരന്തരേശ്വരി മൻമോഹൻ സിംഗ് സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു. പിന്നീട് ബിജെപിയിൽ എത്തിയ പുരന്തരേശ്വരി രാജമുന്ദ്രി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ്.
വാനതി ശ്രീനിവാസൻ
മക്കൾ നീതിമയ്യം സ്ഥാപിച്ച നടൻ കമൽ ഹാസൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് 2021ൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അന്ന് കോയമ്പത്തൂർ (സൗത്ത്) സീറ്റിൽ കമൽ ഹാസനെ പരാജയപ്പെടുത്തിയത് വാനതി ശ്രീനിവാസൻ ആയിരുന്നു. മൂന്നര പതിറ്റാണ്ടോളമായി തമിഴ്‌നാട്ടിലെ ബിജെപിയിൽ സജീവ സാന്നിദ്ധ്യമാണ് വാനതി. 2022ൽ ബിജെപി സെൻട്രൽ ഇലക്ഷൻ കമ്മിറ്റി അംഗവുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |