ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോർപ്പറേറ്റീവ് ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. തന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേര് സഹിതമാണ് മരിച്ച മുളങ്ങാശേരിയിൽ സാബു ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്.
'എന്റെ മരണത്തിനുത്തരവാദി ബാങ്ക് സെക്രട്ടറി റെജി, സ്റ്റാഫുകളായ ബിനോയ്, സുജമോൾ എന്നിവരാണ്. ഞാൻ ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം റൂറൽ ഡെവലപ്‌മെന്റ് ബാങ്കിൽ നിക്ഷേപിച്ചു. ഭാര്യയുടെ ചികിത്സയ്‌ക്കായി പണം ചോദിച്ച് ചെന്ന എന്നെ ബിനോയ് അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്‌തു. ഇനി ആർക്കും ഈ അവസ്ഥ വരരുത്'- സാബുവിന്റെ ആത്മഹത്യാ കുറിപ്പിലെ വാക്കുകളാണിത്.
സാബുവിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നിൽ ബിജെപി, കോൺഗ്രസ് പ്രതിഷേധം ശക്തമാകുകയാണ്. ആർഡിഒ വരാതെ മൃതദേഹം സ്ഥലത്ത് നിന്നും കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇപ്പോഴും നിരവധിപേർ പണത്തിനായി ബാങ്കിൽ എത്തുന്നുണ്ടെന്നും ഭരണപക്ഷത്തുള്ള പാർട്ടിയുടെയും നേതാക്കന്മാരുടെയും ധൈര്യത്തിലാണ് ബാങ്കിലെത്തുന്നവരെ ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതെന്നും സമരക്കാർ പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു സംഭവം. സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിലെ ഗോവണിക്ക് സമീപം സാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമയാണ് സാബു. 25 ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നേരത്തേ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതിനാൽ തവണകളായി മാസംതോറും നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രീതിയിൽ പണം നൽകിയിരുന്നു. സാബുവിന്റെ ഭാര്യ ചികിത്സയുടെ ഭാഗമായി തൊടുപുഴ ആശുപത്രിയിലാണ്. ചികിത്സയ്‌ക്ക് പണമില്ലാത്തിനാലാണ് സാബു ഇന്നലെയും ബാങ്കിലെത്തിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |