
പത്തനംതിട്ട: ആറൻമുള മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ ജില്ലയിലെ കോൺഗ്രസിൽ പടയൊരുക്കം. അബിൻ വർക്കിയെ മത്സരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പതിനഞ്ചോളം നേതാക്കൾ എ. ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിനെ കണ്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും ഇക്കാര്യം അറിയിച്ചിരുന്നു.
വീണാ ജോർജിനെ ആറൻമുളയിൽ മത്സരിപ്പിക്കാനുള്ള സി.പി.എം തീരുമാനം നേരത്തേ പുറത്തു വന്നപ്പോൾ ആറൻമുളയോട് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് താൽപ്പര്യം കുറഞ്ഞിരുന്നു.ഇതിനിടെയാണ് ആരോഗ്യ വകുപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി യൂത്ത്കോൺഗ്രസും കെ.എസ്.യുവും വീണയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ചത്. കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ വീണ ആക്രമിക്കപ്പെട്ടതിന് ദൃശ്യങ്ങളില്ലാതിരുന്നത് യു.ഡി.എഫിന് പിടിവള്ളിയായി. ആറൻമുളയിൽ വീണാജോർജ് നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ടയിൽ നടത്തിയ ആരോഗ്യം ആനന്ദം ഫെസ്റ്റ് കാണാൻ ആളുണ്ടായിരുന്നില്ലെന്ന വാദവും യു.ഡി.എഫ് ഏറ്റുപിടിച്ചു.
പ്രതിച്ഛായ മങ്ങിയെ വീണയെ തോൽപ്പിക്കാനാവുമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ കരുതുന്നത്. സ്ഥാനാർത്ഥിയാകാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, പി.മോഹൻരാജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ എന്നിവർ രംഗത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |