സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തിയ കീം എൻജിനിയറിംഗ്, ഫാർമസി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചശേഷമുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ www.cee.kerala.gov.in വഴി ആരംഭിച്ചു. ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 2000, പട്ടിക/ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 500 രൂപയുമാണ്. കീമിന്റെ ഒന്നാം പേപ്പർ റാങ്ക് വിലയിരുത്തിയാണ് ഫാർമസി റാങ്ക് തയ്യാറാക്കിയിരിക്കുന്നത്.
79044 വിദ്യാർത്ഥികൾ എഴുതിയ കീം പ്രവേശന പരീക്ഷയിൽ 52500 വിദ്യാർത്ഥികളാണ് എൻജിനിയറിംഗ് പഠനത്തിന് യോഗ്യത നേടിയത്. കേരളത്തിലെ സർക്കാർ, സ്വാശ്രയ, സഹകരണ, എൽ.ബി.എസ് എൻജിനിയറിംഗ് കോളേജുകളിലെ അഡ്മിഷൻ ഈ റാങ്ക് ലിസ്റ്റിൽ നിന്നാണ്.
ഓപ്ഷൻ നൽകൽ
......................................
വിദ്യാർത്ഥികൾ താല്പര്യമുള്ള ബ്രാഞ്ച്, കോളേജുകൾ എന്നിവ വിലയിരുത്തി ഓപ്ഷൻ നൽകുകയാണ് ആദ്യ നടപടി. ഒരാൾക്ക് എത്ര ഓപ്ഷൻ വേണമെങ്കിലും നൽകാം. വിദ്യാർത്ഥിയുടെ താത്പര്യം, അഭിരുചി, ലക്ഷ്യം, താത്പര്യമുള്ള തൊഴിൽ എന്നിവ വിലയിരുത്തി ഓപ്ഷൻ നൽകണം. എൻജിനിയറിംഗ് രംഗത്തുള്ള സാങ്കേതിക വളർച്ച, ഇനവേഷൻ, ഭാവി തൊഴിലുകൾ, ഫീസ് ഘടന എന്നിവ വ്യക്തമായി മനസിലാക്കണം. സർക്കാർ ഫീസ് തുലോം കുറവാണ്. സർക്കാർ കോളേജുകളിൽ അഡ്മിഷൻ ലഭിക്കാൻ മികച്ച റാങ്ക്‌വേണം. മുൻ വർഷങ്ങളിലെ റാങ്ക്, ലഭിച്ച ബ്രാഞ്ച്, കോളേജ് എന്നിവ പ്രവേശന പരീക്ഷ കമ്മിഷണറുടെ വെബ്‌സൈറ്റിലുണ്ട്. 2023- ലെ അവസാന റാങ്ക് വിലയിരുത്തുന്നത് ഏകദേശ സൂചന ലഭിക്കാൻ സഹായിക്കും. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി ഓപ്ഷൻ നൽകാം.
എ 4 ഷീറ്റിൽ ഓപ്ഷനുകൾ എഴുതി തയ്യാറാക്കുന്നത് നല്ലതാണ്. ബ്രാഞ്ചിനനുസരിച്ചോ കോളേജിനനുസരിച്ചോ വിദ്യാർത്ഥിയുടെ താത്പര്യം വിലയിരുത്തി ഓപ്ഷൻ നൽകാം. നല്ല സ്പീഡുള്ള ഇന്റർനെറ്റ് ബ്രൌസർ വഴി മാത്രമേ ഓപ്ഷൻ നൽകാവൂ. അക്ഷയകേന്ദ്രങ്ങൾ, ഇന്റർനെറ്റ് കഫേ എന്നിവയെയും ആശ്രയിക്കാം.
ഓപ്ഷൻ ആഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. റാങ്ക്, ഓപ്ഷൻ എന്നിവയ്ക്കനുസരിച്ച് യോഗ്യമായ ബ്രാഞ്ചും, കോളേജും ലഭിക്കും.
വെബ്‌സൈറ്റിൽ നിന്ന് യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ എന്റർ ചെയ്ത് ക്യാൻഡിഡേറ്റ് പോർട്ടലിൽ എത്തി ഓൺലൈൻ ഓപ്ഷൻ പ്രക്രിയ തുടങ്ങാം. ഓപ്ഷൻ നൽകുന്നതിന് മുമ്പ് കോഴ്‌സ് കോഡ്, കോളേജ് കോഡ് എന്നിവ വ്യക്തമായി മനസിലാക്കണം.
യൂസർ നെയിമും പാസ്സ്‌വേർഡും അക്ഷയകേന്ദ്രത്തിനു നൽകി വിദ്യാർത്ഥിയില്ലാതെ ഓപ്ഷൻ നല്കാൻ ശ്രമിക്കരുത്. കഴിയുമെങ്കിൽ രക്ഷിതാവും ഓപ്ഷൻ നൽകുമ്പോൾ വിദ്യാർത്ഥിയുടെ കൂടെ ആവശ്യമാണ്. തെറ്റായി ഓപ്ഷൻ നൽകിയാൽ അഡ്മിഷൻ സാധ്യത ഇല്ലാതാകും.
പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ്
..........................................
നിങ്ങൾ നൽകിയ ഓപ്ഷൻ അനുസരിച്ച് പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് ആഗസ്റ്റ് ഏഴിന് ഓൺലൈനിൽ പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ആഗസ്റ്റ് എട്ടിനും പ്രസിദ്ധീകരിക്കും. ആദ്യ അലോട്ടുമെന്റിൽ തന്നെ ഫീസടച്ച് അഡ്മിഷനെടുക്കണം. തുടർ ഓപ്ഷൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ confirm ബട്ടൻ ക്ലിക്ക് ചെയ്യണം
എല്ലാ ജില്ലകളിലും ഓപ്ഷൻ നല്കാൻ നോഡൽ കേന്ദ്രങ്ങളുണ്ട്. എൻജിനിയറിംഗ് കോളേജുകളിലും അവസരമുണ്ട്.
സർക്കാർ, എയ്ഡഡ്, ഓട്ടോണോമസ് എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളിൽ ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവർ മുഴുവൻ ഫീസും അടയ്ക്കണം. അതേസമയം സർക്കാർ കോസ്റ്റ് ഷെയറിംഗ്, സെൽഫ് ഫിനാൻസ് കോളേജുകളിൽ ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവർ 8000 രൂപ ടോക്കൺ ഫീയായി പ്രവേശന പരീക്ഷ കമ്മിഷണറുടെ അക്കൗണ്ടിലേക്ക് ആദ്യം അടയ്ക്കണം. ബാക്കി തുക കോളേജിലാണ് അടയ്ക്കേണ്ടത്.
കാമ്പസ് പ്ലേസ്‌മെന്റ് ബ്രാഞ്ചുകൾ
..............................................
ഏത് എൻജിനിയറിംഗ് ബ്രാഞ്ച് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചു വ്യക്തമായ തീരുമാനമെടുക്കണം. 53- ഓളം എൻജിനിയറിംഗ് ബ്രാഞ്ചുകളുണ്ട്. കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട് 19- ഓളം ബ്രാഞ്ചുകളുണ്ട്. ഇവ എല്ലാം ആത്യന്തികമായി കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചുകൾ തന്നെയാണ്. ഏത് എൻജിനിയറിംഗ് ബ്രാഞ്ചെടുത്താലും 80 ശതമാനത്തോളം പ്ലേസ്‌മെന്റ് കമ്പ്യൂട്ടർ, ഐ.ടി അധിഷ്ഠിത മേഖലയിലാണ്.
കോർ എൻജിനിയറിംഗ് ബ്രാഞ്ചുകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ ബ്രാഞ്ചുകൾക്കും സാധ്യതകളുണ്ട്. പക്ഷെ ഉപരിപഠനമോ, സ്‌പെഷ്യലൈസേഷനോ, സ്‌കിൽ വികസന കോഴ്‌സുകളോ ബിരുദശേഷം വേണ്ടിവരും.
കെമിസ്ട്രിയിൽ താത്പര്യമുള്ളവർക്ക് കെമിക്കൽ എൻജിനിയറിംഗും, ബയോളജിയോട് അഭിമുഖ്യമുള്ളവർക്കു ഡയറി സയൻസ് & ടെക്‌നോളജി, അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ബയോടെക്‌നോളജി, ബയോമെഡിക്കൽ, ഫുഡ് ടെക്‌നോളജി, ഫുഡ് എൻജിനിയറിംഗ്, എൻവയണ്മെന്റൽ എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം.
കോളേജും കാമ്പസും പ്രധാനം
...............................................
ഓപ്ഷൻ നല്കുന്നതിനുമുമ്പ് താത്പര്യമുള്ള കോളേജുകൾ, ബ്രാഞ്ചുകൾ, മുൻവർഷത്തെ അവസാന റാങ്കുകൾ എന്നിവ അറിയണം. കോളേജ് തിരഞ്ഞെടുക്കുമ്പോൾ ഭൗതിക സൗകര്യം, ഫാക്കൽറ്റി, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, പ്ലേസ്‌മെന്റ്, ഹോസ്റ്റൽ സൗകര്യം എന്നിവ വിലയിരുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |