തിരുവനന്തപുരം: പി.വി.സിയായി തുടരാനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ നവംബർ മുതൽ വിട്ടുനിന്ന സാങ്കേതിക സർവകലാശാല പി.വി.സി ഡോ.എസ്.അയൂബ് ഇന്നലെയും വാഴ്സിറ്റിയിലെത്തി. 15ന് ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോൾ വി.സി പ്രൊഫ. സിസാതോമസ് തടഞ്ഞിരുന്നു. ഇന്നലെയും ഫയലുകളൊന്നും പരിശോധിക്കാൻ അനുവദിച്ചില്ല. കുറേസമയം വാഴ്സിറ്റിയിൽ തുടർന്നശേഷം അദ്ദേഹം മടങ്ങി. 2018ലെ യു.ജി.സി ചട്ടപ്രകാരം വി.സിക്കൊപ്പം പി.വി.സിയുടെ കാലാവധിയും അവസാനിക്കും. സുപ്രീംകോടതി പുറത്താക്കിയ ഡോ.എം.എസ്.രാജശ്രീ വി.സിയായിരിക്കെയാണ് അയൂബിനെ പി.വി.സിയാക്കാൻ ശുപാർശ ചെയ്തത്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതോടെ അവരുടെ ശുപാർശയിലെ നിയമനവും നിലനിൽക്കുന്നതല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |