തൃശൂർ: റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. ഓഫീസിന്റെ ചുവരുകളിലും പടികളിലും കരി ഓയിൽ ഒഴിച്ച പ്രവർത്തകർ കാറിൽ കൊടി നാട്ടി. ചാനലിനെ അധിക്ഷേപിക്കുന്ന നോട്ടീസും പതിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് മോബൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്‌ണു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ചാനലിൽ നിന്ന് രാജിവച്ച മാദ്ധ്യമപ്രവർത്തക ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണവും കടന്നുകയറ്റവും ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകണമെന്നും പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തിൽ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയും അപലപിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കയ്യേറ്റമാണിത്. ജനാധിപത്യ വ്യവസ്ഥയിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തെ ശാരീരിക ആക്രമണങ്ങൾകൊണ്ട് ഇല്ലാതാക്കാനാകില്ല. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതിലൂടെ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെജി ശിവാനന്ദനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |