മലപ്പുറം: ഓണത്തോടനുബന്ധിച്ച് വിപണിയിലെ ക്രമക്കേടുകൾ തടയാനും ഉപഭോക്താക്കളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനും നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. ജില്ലയിലെ മുഴുവൻ താലൂക്കുകളിലും ഇന്ന് മുതൽ സെപ്തംബർ നാല് വരെ പരിശോധന നടത്തും.രണ്ട് സ്‌കാഡുകളായി നടത്തുന്ന പരിശോധനയിൽ താഴെ പറയുന്ന ക്രമക്കേടുകൾ പരിശോധിക്കും. ഉപഭോക്താക്കൾക്ക് ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടാൽ ലീഗൽ മെട്രോളജി വകുപ്പിൽ പരാതിപ്പെടാം.
അളവുതൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്രപതിപ്പിക്കാതെ വ്യാപാരാവശ്യത്തിനായി ഉപയോഗിക്കുക.
അളവുതൂക്ക ഉപകരണങ്ങൾ മുദ്രപതിപ്പിച്ച സർട്ടിഫിക്കറ്റുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കാതിരിക്കുക.
അളവ് തൂക്കം/എണ്ണം എന്നിവ കുറവായി ഉൽപ്പന്നം വിൽപ്പന നടത്തുക.
ഉൽപ്പന്നങ്ങൾക്ക് നിശ്ചയിച്ച വിലയേക്കാൾ അധികം ഈടാക്കുക.
പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെ പാക്കേജുകളിൽ നിയമപ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങളായ നിർമ്മാതാവിന്റെ/ഇറക്കുമതി ചെയ്ത ആളിന്റെ പൂർണ്ണമായ മേൽവിലാസം, ഉൽപ്പന്നത്തിന്റെ പേര്, ഉൽപ്പന്നത്തിന്റെ അളവ്/തൂക്കം/എണ്ണം.
ഉൽപ്പന്നത്തിന്റെ പരമാവധി ചില്ലറ വിൽപ്പന വില (എം.ആർ. പി), ഉൽപ്പന്നത്തിന്റെ ഒരുഗ്രാം ഒരുമില്ലി ലിറ്റർ/ഒരു എണ്ണത്തിന്റെ വില (യു.എസ്.പി).
ഉൽപ്പന്നം നിർമ്മിച്ച മാസം, വർഷം, ബെസ്റ്റ് ബിഫോർ യൂസ്/യൂസ് ബൈ ഡേറ്റ്.
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള ഫോൺനമ്പർ, ഇമെയിൽ അഡ്രസ്സ്.
ഇറക്കുമതി ചെയ്ത ഉൽപ്പന്നമാണെങ്കിൽ ഉൽപ്പന്നം നിർമ്മിച്ച രാജ്യത്തിന്റെ പേര് എന്നിവ രേഖപ്പെടുത്താതിരിക്കുക.
പാക്കേജിൽ രേഖപ്പെടുത്തിയ തൂക്കത്തേക്കാൾ കുറവായി ഉൽപ്പന്നം പായ്ക്ക് ചെയ്യുക.
പാക്കേജിൽ രേഖപ്പെടുത്തിയതിനേക്കാൾ അധികവില ഈടാക്കുക.
പാക്കേജിൽ രേഖപ്പെടുത്തിയിട്ടുള്ള വില മായ്ക്കുകയോ മറയ്ക്കുകയോ ചെയ്യുക, തിരുത്തുക, ഉയർന്ന വിലയുടെ സ്റ്റിക്കർ പതിക്കുക.
എൽപിജി വിതരണ വാഹനത്തിൽ തൂക്ക ഉപകരണം സൂക്ഷിക്കാതിരിക്കുക.
എൽപിജി തൂക്കത്തിൽ കുറവായി വിതരണം ചെയ്യുക.
പമ്പുകളിൽ പെട്രോൾ/ഡീസൽ അളവിൽ കുറവായി വിൽപ്പന നടത്തുക.
എൽപിജി സിലിണ്ടർ വിതരണ വാഹനത്തിലെ തൂക്ക ഉപകരണത്തിൽ തൂക്കിക്കാണിക്കുവാൻ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം.
പമ്പുകളിൽ സൂക്ഷിച്ചിട്ടുള്ളതും ലീഗൽ മെട്രോളജി വകുപ്പ് മുദ്രപതിപ്പിച്ച് നൽകിയിട്ടുളളതുമായ 5 ലിറ്റർ അളവ് പാത്രത്തിൽ ഇന്ധനം അളന്ന് കാണിക്കുവാൻ ആവശ്യപ്പെടാം.
ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടാൽ ലീഗൽ മെട്രോളജി വകുപ്പിൽ പരാതിപ്പെടാം. അളവിൽ കുറവ് കാണുന്ന പക്ഷം സെപ്തംബർ നാല് വരെ മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ ലീഗൽ മെട്രോളജി നിയമലംഘനങ്ങൾ സംബന്ധിച്ച പരാതികൾ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |