കോട്ടയം : ഓണവിപണി ലക്ഷ്യമിട്ട് ഗുണനിലവാരമില്ലാത്ത ഏത്തയ്ക്ക ഉത്പന്നങ്ങൾ വിപണി കീഴടക്കുന്നു.
വിപണിയിൽ 440 രൂപ മുതൽ 440 രൂപ വരെ വില ഈടാക്കുന്ന ഉപ്പേരിയ്ക്ക് പൊതു നിരത്തിൽ 200 രൂപയാണ് വില. 250 രൂപയാണ് ശർക്കരവരട്ടിയുടെ വില, പാതയോരത്ത് 150 ൽ താഴെ മതി. പാലക്കാട് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപ്പേരി ഗുണനിലവാരം കുറഞ്ഞ എണ്ണയിലാണ് നിർമ്മിക്കുന്നതെന്നാണ് ആക്ഷേപം. ഫെസ്റ്റിവൽ സീസണായതിനാൽ ഇത്തരത്തിലുളള കുടിൽ വ്യവസായങ്ങൾ നിരവധിയാണുള്ളത്. ഗുണനിലവാരത്തേക്കാൾ വിലക്കുറവാണ് പൊതുജനങ്ങളെ ഇതിലേക്ക് ആകൃഷ്ടരാക്കുന്നത്. വീടുകളിൽ ശുദ്ധമായ വെളിച്ചണ്ണയിൽ നിർമ്മിച്ചതെന്ന് കാണിച്ചാണ് വിപണനം. ഭക്ഷ്യ സുരക്ഷാവകുപ്പ് മാനദണ്ഡങ്ങളും, ലൈസൻസ് ഇല്ലാത്തവയുമാണ് ഭൂരിഭാഗവും. നാടൻ ഏത്തക്കുലകൾ ലഭിക്കാത്തതിനാൽ പാണ്ടിക്കുലകളാണ് ഉപ്പേരിയ്ക്കും മറ്റുമായി ഉപയോഗിക്കുന്നത്. അന്യസംസ്ഥാനത്ത് നിന്ന് മായം കലർന്ന ശർക്കരയാണ് ശർക്കരവരട്ടിയ്ക്ക് ഉപയോഗിക്കുന്നത്. ഏത്തക്കായ്ക്ക പുറമേ റോബസ്റ്റയും ചിപ്‌സ് നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്.
വെളിച്ചെണ്ണയും വിശ്വസിക്കരുത്
ലിറ്ററിന് 270 രൂപയ്ക്ക് വ്യാജ വെളിച്ചെണ്ണ തമിഴ്‌നാട്ടിൽ സുലഭമാണ്. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന ലേബലിൽ ഇതു വിൽക്കുന്നതായി പരാതി ഉയരുന്നുണ്ട്. ജില്ലയിൽ നൂറിൽ താഴെ മില്ലുകളാണുള്ളത്. ഇതിൽ പകുതിയും പ്രവർത്തനരഹിതമാണ്. നിലവിൽ വിപണിയിൽ ലഭ്യമാകുന്ന വെളിച്ചെണയ്ക്ക് ശുദ്ധമായ വെളിച്ചെണ്ണയുടെ സുഗന്ധമില്ല. പ്രദർശിപ്പിച്ചിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെട്ടാൽ പലപ്പോഴും ലഭിക്കാറില്ലെന്നും ഉപഭോക്താക്കാൾ പറയുന്നു. ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്ലേവർ ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്.
1.മായം കലർന്ന വെളിച്ചെണ്ണ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും
2.കടകളിൽ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാകുന്നു
3.കൊപ്രയടക്കം എത്തിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന്
''ജില്ലയിൽ മുൻ വർഷങ്ങളിൽ ഫെസ്റ്റിവൽ സീസണിൽ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചിരുന്നു. വ്യാപാരസ്ഥാപനങ്ങളിൽ ഇത്തവണ പരിശോധന നടക്കുന്നുണ്ടെങ്കിലും പാതയോര വിപണിയിലില്ല.
-രതീഷ്, ആർപ്പൂക്കര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |