SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.34 PM IST

കുമ്പളങ്ങി പഞ്ചായത്തിന് കേരളകൗമുദി ജനരത്ന പുരസ്കാരം, പഞ്ചായത്തുകൾക്ക് സംരംഭക പുരസ്കാരം നൽകും: മന്ത്രി രാജീവ്

k

കൊച്ചി: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന പഞ്ചായത്തുകൾക്ക് സംസ്ഥാന സർക്കാർ പുരസ്കാരം നൽകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എറണാകുളം ജില്ലയിലെ മികച്ച പഞ്ചായത്തിന് കേരളകൗമുദി ഏർപ്പെടുത്തിയ ജനരത്ന പുരസ്കാരം എറണാകുളം ബി.ടി.എച്ചിൽ നടന്ന ചടങ്ങിൽ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ വികസനത്തിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കേണ്ട സമയമാണിത്. ഇക്കാര്യത്തിൽ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. നാടിന്റെ വികസനത്തിനാണ് മുൻതൂക്കം. ആര് പഞ്ചായത്ത് ഭരിച്ചാലും വ്യവസായങ്ങൾ വന്നാൽ മതി. അതിന്റെ നേട്ടം പഞ്ചായത്തുകൾക്ക് തന്നെയാണ്. പല പഞ്ചായത്തുകളിലും എൽ.ഡി.എഫ്, യു.ഡി.എഫ് പ്രതിനിധികൾ ഒന്നിച്ചാണ് വികസന, സംരംഭക മുന്നേറ്റത്തിനായി പ്രവർത്തിക്കുന്നത്. ആലങ്ങാട് പഞ്ചായത്തിലെ എള്ളെണ്ണ പദ്ധതി ബി.ജെ.പിയുമായി ബന്ധപ്പെട്ടവരുടേതാണ്. വാരപ്പെട്ടി പഞ്ചായത്തിന്റെ വാട്ടുകപ്പ കയറ്റുമതി പദ്ധതി ഇടത്, വലത് ജനപ്രതിനിധികൾ ഒന്നിച്ചാണ് വിജയിപ്പിച്ചത്. പഞ്ചായത്തംഗങ്ങൾ ജനങ്ങളുടെ പ്രതിനിധികളാണ്. പാർട്ടിയുടേതല്ല. എല്ലാവരും ഒന്നിച്ചുനിൽക്കണം. സംരംഭക വർഷം വിജയിപ്പിക്കാൻ എല്ലാ പഞ്ചായത്തുകളും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

യോഗത്തിൽ കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. ന്യൂസ് എഡിറ്റർ ആർ. ലെനിൻ പുരസ്കാര പ്രഖ്യാപനം നടത്തി. സീനിയർ റിപ്പോർട്ടർ പി.എസ്. സോമനാഥൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോനും പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായരും ആശംസയർപ്പിച്ചു. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എസ്. സജീവൻ സ്വാഗതവും സീനിയർ മാർക്കറ്റിംഗ് മാനേജർ യു.ആർ. മനോജ് നന്ദിയും പറഞ്ഞു.

• കുമ്പളങ്ങിക്ക് ഒന്നാം സ്ഥാനം

എറണാകുളം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള കേരളകൗമുദി ജനരത്ന പുരസ്കാരം കുമ്പളങ്ങി പഞ്ചായത്തിന് ലഭിച്ചു. വ്യത്യസ്തമായ ക്ഷേമ പദ്ധതികൾ നടപ്പാക്കിയതും പദ്ധതിയിതര വിഭവസമാഹരണം തുടങ്ങിയ മികവുകളും വിലയിരുത്തിയാണ് പുരസ്കാരം. പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബുവും വൈസ് പ്രസിഡന്റ് പി.എ.സഗീറും ചേർന്ന് ഏറ്റുവാങ്ങി.

രണ്ടാം സ്ഥാനം ചോറ്റാനിക്കര നേടി. മൂന്നാം സ്ഥാനം വടവുകോട് -പുത്തൻകുരിശ്, മൂക്കന്നൂർ പഞ്ചായത്തുകൾ പങ്കിട്ടു. നഗരസഭകളിൽ ഒന്നാം സ്ഥാനം കളമശേരിക്കും രണ്ടാം സ്ഥാനം പറവൂരിനുമാണ്.

അന്തിമ പട്ടികയിലെത്തിയ മുടക്കുഴ, ആലങ്ങാട്, അയ്യമ്പുഴ, ചേരാനല്ലൂർ, പള്ളിപ്പുറം, കുഴിപ്പിള്ളി, വേങ്ങൂർ, വാരപ്പെട്ടി, കോട്ടപ്പടി, നായരമ്പലം പഞ്ചായത്തുകൾ പ്രത്യേക ജൂറി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.