
തിരുവനന്തപുരം: നോമ്പുകാലം തുടങ്ങിയതോടെ പൈനാപ്പിൾ വില കിലോയ്‌ക്ക് 53 രൂപ വരെയെത്തി. ഏപ്രിലിൽ തന്നെ അറുപതിൽ എത്തുമെന്നാണ് കർഷകരും വ്യാപാരികളും പറയുന്നത്.
മൂന്ന് മാസം മുമ്പ് ജനുവരിയിൽ 30 രൂപയായിരുന്നു വില. മാർച്ചിൽ 50 രൂപയിലെത്തി. പച്ചയ്‌ക്ക് 40 രൂപയും സ്പെഷ്യൽ ഗ്രേഡ് പച്ചയ്‌ക്ക് 42 രൂപയുമാണ് വില. പൈനാപ്പിൾ ജ്യൂസിനടക്കം ആവശ്യക്കാർ ഏറെയാണെങ്കിലും വേനൽ കടുത്തതോടെ ഉത്പാദനം കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാവുകയാണ്.
ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലേക്കുളള കയറ്റുമതിയെയും ഇതു ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഉത്പാദനത്തിൽ 25 ശതമാനം ഇടിവുണ്ടായതായി കർഷകർ പറയുന്നു. വിഷുവിന് കണിയൊരുക്കാനും പൈനാപ്പിൾ തേടി മലയാളികൾ അലയേണ്ടി വരും.
മദ്ധ്യകേരളത്തിൽ മാത്രം ആയിരക്കണക്കിന് ഏക്കർ സ്ഥലത്താണ് വാഴക്കുളം, മൂവാറ്റുപുഴ മേഖലകളിലുള്ള കർഷകർ പൈനാപ്പിൾ കൃഷി ചെയ്യുന്നത്. ഭൂരിഭാഗം കർഷകരും സ്വന്തമായി സ്ഥലമില്ലാത്തവരാണ്. മിക്കവരും ബാങ്കുകളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും വൻ തുക വായ്‌പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തുമാണ് കൃഷിയിറക്കുന്നത്.
കർഷകർക്ക് പൊതുമേഖല ബാങ്കിൽ മാത്രം 650 കോടിയുടെ വായ്പയുണ്ടെന്നാണ് പൈനാപ്പിൾ കർഷക സംഘടന നേതാക്കൾ പറയുന്നത്.
#45,000 ഏക്കറിൽ കൃഷി
2,000 ടൺ:
വിഷു-റംസാൻ
സീസണിലെ
പ്രതിദിന വില്പന
30 രൂപ:
കർഷകർക്ക് കിലോയ്ക്ക്
കിട്ടിയാൽ നഷ്ടംവരില്ല
50,000- 60,000 രൂപ:
ഒരു ഏക്കറിനുള്ള
പാട്ടത്തുക
'കല്യാണം ഉൾപ്പെടെയുളള ആഘോഷങ്ങളുടെ സമയം കൂടിയാണ് ഈ മാസമെങ്കിലും കടുത്ത വേനൽ തിരിച്ചടിയായി. ആവശ്യക്കാർ ഏറെയുളള സമയത്താണ് ഉത്പാദനത്തിൽ കുറവുണ്ടായിരിക്കുന്നത്.'
ബേബി ജോൺ
പ്രസിഡന്റ്, പൈനാപ്പിൾ
ഗ്രോവേഴ്‌സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |