
ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാരം 2030 ഓടെ 5000 കോടി ഡോളറായും 20240ൽ 10000 കോടി ഡോളറായും ഉയർത്താൻ ധാരണ. കാനഡയിൽ നിന്ന് യുറേനിയം എത്തിക്കാനുള്ള ദീർഘകാല കരാറിലും ഒപ്പിട്ടു. ഡൽഹി ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് ജെ കാർണിയുടെയും സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുകയാണ് ലക്ഷ്യമെന്ന് മോദി ചൂണ്ടിക്കാട്ടി. സഹകരണത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തും. സമീപഭാവിയിൽ ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് അന്തിമരൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളിലും പുതിയ നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും അത് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യുറേനിയം വിതരണത്തിനുള്ള കരാർ സിവിൽ ആണവോർജ്ജ മേഖലയിൽ നാഴികകല്ലാണെന്ന് ഇരു നേതാക്കളും നടത്തിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. വൻ യൂറേനിയം സമ്പത്തുള്ള രാജ്യമാണ് കാനഡ.ചെറിയ മോഡുലാർ റിയാക്ടറുകൾ,നൂതന റിയാക്ടറുകൾ എന്നിവയിലും ഒന്നിച്ച് പ്രവർത്തിക്കും. ഊർജ്ജ മേഖലയിൽ,പുതിയ തലമുറ സഹകരണമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാനഡയിൽ നിന്ന് പെട്രോളിയം,പ്രകൃതി വാതക ഇറക്കുമതി വർദ്ധിപ്പിക്കും. വൻ യൂറേനിയം സമ്പത്തുള്ള രാജ്യമാണ് കാനഡ.
ഇന്ത്യ-കാനഡ ബന്ധം നിലവിൽ പുതിയ ഊർജ്ജവും വിശ്വാസവും കൈവരിച്ചു. 2023ൽ ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തെ തുടർന്ന് മോശമായ ഉഭയകക്ഷി ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയായ ശേഷം കാർണി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. സിക്ക് സമൂഹത്തെ പ്രീതിപ്പെടുത്താൻ പഞ്ചാബ് സന്ദർശിക്കുന്ന പതിവ് കാർണി വേണ്ടെന്നു വച്ചിരുന്നു.
സമുദ്ര സഹകരണം
എ.ഐ, ക്വാണ്ടം, സൂപ്പർ കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടറുകൾ, ആരോഗ്യ സംരക്ഷണം, കൃഷി, നവീകരണം, സമുദ്ര സഹകരണം, ബഹിരാകാശം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിലാണ് മറ്റ് കരാറുകൾ. കനേഡിയൻ സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസ് തുടങ്ങും. ഇന്ത്യയിൽ കനേഡിയൻ പൾസ് പ്രോട്ടീൻ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും. പ്രതിരോധ, സുരക്ഷാ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാൻ പ്രതിരോധ ചർച്ചകൾ തുടങ്ങും. കാനഡ അന്താരാഷ്‌ട്ര സോളാർ അലയൻസിലും ഗ്ലോബൽ ബയോഫ്യൂവൽ അലയൻസിലും ചേരും. ഈ വർഷം ഇന്ത്യ-കാനഡ പുനരുപയോഗ ഊർജ്ജ, സംഭരണ ഉച്ചകോടി നടത്തും. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്ത്യ-കാനഡ സി.ഇ.ഒ സമ്മേളനത്തിലും ഇരു നേതാക്കളും പങ്കെടുത്തു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കാർണി കൂടിക്കാഴ്‌ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |