കോഴിക്കോട്: ബൈക്ക് യാത്രക്കാരായ ദമ്പതികളെ രാത്രി നഗര മദ്ധ്യത്തിൽ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനെയും ഭാര്യയെയും അക്രമിച്ച കേസിലാണ് കോഴിക്കോട് നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലിനെ (23) നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ഞായറാഴ്‌ച രാത്രി പത്തിന് ദമ്പതികൾ ഈസ്റ്റ് ഹിൽ റീഗൽ തിയേറ്ററിൽ നിന്ന് ഭക്ഷണം കഴിക്കാൻ നഗരത്തിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ക്രിസ്‌ത്യൻ കോളേജിന് സമീപത്തെ സിഗ്നലിലെത്തിയപ്പോൾ രണ്ട് ബൈക്കുകളിലെത്തിയ അഞ്ച് യുവാക്കൾ പരിഹസിക്കുകയും ഭാര്യയെ കണ്ണിറുക്കി കാണിക്കുകയും ചെയ്തു. ഇത് അശ്വിൻ ചോദ്യം ചെയ്തപ്പോൾ മൂന്നുപേർ യാത്ര ചെയ്ത ബൈക്കിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് അസഭ്യം പറഞ്ഞു. തുടർന്ന് ഹെൽമറ്റ് കൊണ്ട് മർദ്ദിക്കുകയായിരുന്നു.
നടക്കാവ് പൊലീസിൽ അക്രമികളുടെ വാഹന നമ്പർ സഹിതം പരാതി നൽകുകയായിരുന്നു. മുഹമ്മദ് അജ്മലാണ് മർദ്ദിച്ചതെന്നും മറ്റുള്ളവർക്കെതിരെ പരാതിയില്ലെന്നും അശ്വിൻ മൊഴി നൽകി. രാത്രി നൽകിയ പരാതിയിൽ കാര്യമായ ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്. എന്നാൽ ഇരുകൂട്ടരെയും വിളിച്ചു സംസാരിക്കാമെന്ന തരത്തിലായിരുന്നു പൊലീസിന്റെ ആദ്യം പ്രതികരണം. സംഭവം വിവാദമായതോടെയാണ് പൊലീസ് അശ്വിന്റെയും ഭാര്യയുടെയും മൊഴിയെടുത്ത് പ്രതിയെ പിടികൂടിയത്. നഗരത്തിലെ സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |